
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ മാർച്ച് 26ന് നടത്തുന്ന ഭാരത് ബന്തിന് മുന്നോടിയായി കിസാൻസഭയും സി.ഐ.ടി.യുവും തൊഴിലാളികളും കർഷകരും സംയുക്തമായി സംഘടിപ്പിച്ച പദയാത്രകൾ ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനമായ ഇന്നലെ ഡൽഹിയിലെ കർഷക സമരകേന്ദ്രങ്ങളിലെത്തി. ഹരിയാനയിൽ നിന്നും യു.പിയിൽ നിന്നുമെത്തിയ ജാഥാംഗങ്ങളെ കർഷകർ മുദ്രാവാക്യം മുഴക്കിയും ഹാരാർപ്പണം നടത്തിയും സ്വീകരിച്ചു.
ഹരിയാനയിലെ ഹൻസിയിൽ നിന്ന് 18 ന് ആരംഭിച്ച പദയാത്ര 150 കിലോമീറ്ററോളം പിന്നിട്ട് തിക്രിയിലെ സമരകേന്ദ്രത്തിലെത്തി. പഞ്ചാബിലെ ഖട്കർകലാനിൽ നിന്നാരംഭിച്ച മറ്റൊരു ജാഥ സിംഘു അതിർത്തിയിലാണെത്തിയത്.
യു.പിയിലെ മഥുരയിൽ നിന്നാണ് മൂന്നാമത്തെ പദയാത്ര ആരംഭിച്ചത്.