justice-ramana

ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി. രമണയ്‌ക്കെതിരെ അഴിമതിയും പക്ഷപാതവും ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്നും അന്വേഷണ നടപടികൾ പരസ്യപ്പെടുത്തില്ലെന്നും സുപ്രീംകോടതി വെബ്‌സൈറ്റിൽ വ്യക്തമാക്കി. രമണയ്‌ക്കെതിരെ കഴിഞ്ഞ ഒക്ടോബർ ആറിനാണ് ജഗൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് കത്തയച്ചത്. സുപ്രീംകോടതി ജസ്റ്റിസിനെതിരെ ഒരു മുഖ്യമന്ത്രി അഴിമതി ആരോപണം ഉന്നയിക്കുന്ന അസാധാരണ നടപടിയായിരുന്നു ഇത്. അമരാവതി കേസിൽ അഴിമതി അന്വേഷണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികൾക്കും വേണ്ടി ജസ്റ്റിസ് രമണ ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജോലി വിഭജനത്തിലുൾപ്പെടെ ഇടപെടുന്നു, രമണയുടെ രണ്ട് പെൺമക്കളും നടത്തിയ ഭൂമി ഇടപാടുകളെപ്പറ്റി അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ അന്വേഷണത്തിലും സ്വാധീനമുണ്ടായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ടി.ഡി.പി ഭരണകാലത്ത് ആന്ധ്രയിൽ അഡിഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു ജസ്റ്റിസ് രമണ. സുപ്രീംകോടതിയുടെ തലപ്പത്ത് എത്തുന്ന ആന്ധ്ര ഹൈക്കോടതിയിലെ ആദ്യ ജഡ്ജി

 സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നതോടെ, ആന്ധ്രാ ഹൈക്കോടതിയിൽ നിന്ന് പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ ജഡ്ജിയെന്ന നേട്ടം ജസ്റ്റിസ് എൻ.വി. രമണയ്ക്ക് സ്വന്തമാകും.

 ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരണം ഗ്രാമത്തിലെ കർഷക കുടുംബത്തിൽ 1957 ആഗസ്റ്റ് 27ന് ജനനം.

 ബി.എസ്‌സി പാസായ ശേഷം നിയമബിരുദം നേടി. 1983 ഫെബ്രുവരി 10ന് അഭിഭാഷകനായി എൻറോൾ ചെയ്തു.

 2000 ജൂണിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി.

 2013 മാർച്ച് 10 മുതൽ ആന്ധ്രാപ്രദേശിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ്.

 2013 സെപ്തംബ‌റിൽ ഡൽഹി ചീഫ് ജസ്റ്റിസായി.

 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്ജിയായി.

 സെൻട്രൽ അഡ്മിനിസ്റ്റേറ്റിവ് ട്രൈബ്യൂണൽ, എ.പി. സ്റ്റേറ്റ് ട്രൈബ്യൂണൽ തുടങ്ങി ആന്ധ്രാ സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വിവിധ ഏജൻസികളുടെ ഭാഗമായി.

 ജമ്മുകാശ്മീരിലെ ഇന്റർനെറ്റ് പുനസ്ഥാപനം, ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരും, ജനപ്രതിനിധികളുടെ പേരിലുള്ള കേസുകളിൽ വിചാരണ നടപടികൾ വേഗത്തിലാക്കുക, വീട്ടമ്മമാരുടെ ജോലിക്ക് ഭർത്താക്കന്മാരുടെ ജോലിയോടൊപ്പം തന്നെ അന്തസും മൂല്യവുമുണ്ട് തുടങ്ങിയ ഉത്തരവുകളുടെയും ഭാഗമായിരുന്നു.