
ന്യൂഡൽഹി: കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ ഇക്കുറി ആവർത്തിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും സംസ്ഥാനത്തെ വികസന പദ്ധതികൾ പലതും കേന്ദ്ര സർക്കാരിന്റേതാണെന്നും ബി.ജെ.പി ദേശീയ വക്താവ് ഗോപാൽ കൃഷ്ണ അഗർവാളും കേന്ദ്രമന്ത്രി വി. മുരളീധരനും ഡൽഹിയിൽ പറഞ്ഞു.
ഗ്യാസ് പൈപ്പ് ലൈൻ, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ തുടങ്ങിയവ യാഥാർത്ഥ്യമാക്കിയത് കേന്ദ്രമാണ്. ദേശീയ പാത, റെയിൽവേ വികസനത്തിൽ കോടികളുടെ സഹായം നൽകി. സ്‌ത്രീസുരക്ഷ സംബന്ധിച്ച വലിയ വാഗ്ദാനങ്ങൾ നൽകിയിട്ട് എം.എൽ.എയിൽ നിന്നുവരെ സ്‌ത്രീകൾക്ക് പീഡനം നേരിട്ട അവസ്ഥ കേരളത്തിലുണ്ട്. വാളയാറിൽ രണ്ട് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട് മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ പോലുമായില്ല. ഗൾഫിൽ നിന്ന് തിരിച്ചെത്തിയവരെ പുനരധിവസിപ്പിക്കുമെന്ന വാഗ്‌ദാനം പോലും യാഥാർത്ഥ്യമായില്ല. തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മികച്ച നേട്ടമുണ്ടാക്കും. ശബരിമല വിഷയത്തിൽ ബി.ജെ.പി വിശ്വാസികൾക്കൊപ്പം ഉറച്ചു നിൽക്കുന്നതായും ഇരുവരും പറഞ്ഞു.