
ന്യൂഡൽഹി: കാർഷികവിളയായി പരിഗണിച്ച് സ്വാഭാവിക റബറിന് താങ്ങുവില ഏർപ്പെടുത്താനാവില്ലെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി. റബർ മേഖലയ്ക്കായി നിയോഗിച്ച പ്രത്യേകസമിതി കാർഷികവിളയായി പരിഗണിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ, വിളകൾക്കു താങ്ങുവില നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലൊന്നും പെടാത്തതുകൊണ്ട് റബറിന് താങ്ങുവില പരിഗണിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
റബറിന് കേന്ദ്രം താങ്ങുവില ഏർപ്പെടുത്തണമെന്നത് കേരളത്തിൽ നിന്നുള്ള കർഷകരുടെ ഉൾപ്പെടെ ദീർഘകാല ആവശ്യമാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ വ്യവസായ മേഖലകളിൽ നിന്നും മറ്റും ഡിമാൻഡ് കുറയുമെന്നതിനാൽ റബറിന്റെ വില സംബന്ധിച്ച ആശങ്കയും ശക്തമാണ്. ഇതുകൂടി കണക്കിലെടുത്താണ് താങ്ങുവില ഏർപ്പെടുത്തണമെന്ന ആവശ്യം.
ഇന്നലെ ആർ.എസ്.എസ്-4 റബറിന് വില കിലോയ്ക്ക് 164 രൂപയാണ്. കഴിഞ്ഞവാരം 171 രൂപവരെ ഉയർന്ന വിലയാണ് പിന്നീട് താഴേക്കിറങ്ങിയത്. ഇന്ത്യയിലും പ്രമുഖ ഉപഭോഗ രാജ്യങ്ങളിലും കൊവിഡ് ഭീതി വീണ്ടും ഉയർന്നതിനാൽ ഉപഭോഗം കുറഞ്ഞേക്കുമെന്ന വിലയിരുത്തലും കർഷകരെ വലയ്ക്കുന്നു. ഡിമാൻഡ് സജീവമല്ലാത്തതിനാൽ നടപ്പുവർഷം വില 164-169 രൂപ നിരക്കിൽ സ്ഥിരത നേടാനാണിട.
റബറിന്റെ രാഷ്‌ട്രീയം
അധികാരത്തിലേറിയാൽ റബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നൽകുമെന്നാണ് യു.ഡി.എഫിന്റെ വാഗ്‌ദാനം. താങ്ങുവില നിലവിലെ 170 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തുമെന്ന് എൽ.ഡി.എഫും ഉറപ്പുനൽകുന്നു. മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ റബർ രാഷ്‌ട്രീയം പ്രസക്തമാണ്. താങ്ങുവില എൽ.ഡി.എഫ് സർക്കാർ 150 രൂപയിൽ നിന്ന് 170 രൂപയാക്കിയത് ഇക്കഴിഞ്ഞ ബഡ്‌ജറ്റിലാണ്.
വിപണിവില താങ്ങുവിലയേക്കാൾ കുറവാണെങ്കിൽ, അവ തമ്മിലെ അന്തരം കർഷകർക്ക് സബ്സിഡിയായി നൽകുന്ന വിലസ്ഥിരതാ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്. നിലവിൽ വില 164 രൂപയായതിനാൽ, കിലോയ്ക്ക് ആറുരൂപവീതം സബ്‌സിഡി നേടാൻ കർഷകർക്ക് കഴിയും.