covid-varient

 യു.കെ വകഭേദം 736 പേർക്ക്

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിക്കുന്നതിനിടെ കടുത്ത ആശങ്കയുണർത്തി, കൂടുതൽ പ്രഹരശേഷി സംശയിക്കുന്ന ഇരട്ട ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വകഭേദം രാജ്യത്ത് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ, 18 സംസ്ഥാനങ്ങളിൽ യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ വകഭേദങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവ കൂടുതൽ പേരിൽ കണ്ടെത്തിയിട്ടില്ല. ചില സംസ്ഥാനങ്ങളിൽ നിലവിൽ കൊവിഡ് കേസുകളിലുണ്ടായ കുതിപ്പും ഈ വകഭേദങ്ങളും തമ്മിൽ ബന്ധമുള്ളതിന് ഇതുവരെ തെളിവുകളില്ലെന്നും പഠനങ്ങൾ തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇരട്ട ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം എവിടെയാണ് കണ്ടെത്തിയത്, അതിന്റെ പേര് തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വൈറസിന് ശരീരത്തിൽ പറ്റിപിടിച്ച് നിൽക്കാൻ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് ഇരട്ട ജനിതകമാറ്റം കണ്ടെത്തിയത് എന്നതിനാൽ പ്രതിരോധശേഷിയെ മറികടക്കാനും കൂടുതൽ രൂക്ഷമായ വ്യാപനവും ഗുരുതരാവസ്ഥയും ഉണ്ടായേക്കുമെന്നുമാണ് ആശങ്ക. ഇത് ഇന്ത്യയുടെ തനത് വകഭേദമാണോയെന്നും വ്യക്തമല്ല.

മഹാരാഷ്ട്രയിൽ പരിശോധിച്ചവയിൽ സ്പൈക്ക് പ്രോട്ടീനിൽ ഇ484ക്യൂ, എൽ452ആർ എന്നീ ജനിതകമാറ്റങ്ങൾ വന്ന വകഭേദം 20 ശതമാനം വരെ സാമ്പിളുകളിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തരംതിരിച്ച വകഭേദങ്ങളുമായി ഇതിന് സാമ്യമില്ല.

അതിനാൽ മഹാരാഷ്ട്രയിൽ പരിശോധന കൂട്ടുക, സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുക തുടങ്ങിയ നടപടികൾ ശക്തമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. നിലവിൽ ലോകത്ത് കണ്ടെത്തിയതിൽ ഗുരുതരാവസ്ഥ കൂടുതലുള്ളത് ബ്രസീലിയൻ വകഭേദത്തിനാണെന്നാണ് റിപ്പോർട്ട്. ഇത് രാജ്യത്ത് ഒരാളിൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. യു.കെ വകഭേദം 736 പേരിലും ദക്ഷിണാഫ്രിക്കൻ വകഭേദം 34 പേരിലുമാണ് കണ്ടെത്തിയത്.

 കേരളത്തിലെ 11 ജില്ലകളിൽ എൻ440കെ വകഭേദം

പുതിയ വകഭേദങ്ങൾ കണ്ടെത്താനായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 2032 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 11 ജില്ലകളിൽ നിന്നുള്ള 123 സാമ്പിളുകളിൽ നേരത്തെ ആന്ധ്രയിൽ സ്ഥിരീകരിച്ച എൻ440 കെ വകഭേദം കണ്ടെത്തി. ആന്ധ്രയിൽ പരിശോധിച്ച 33 ശതമാനം സാമ്പിളുകളിലും ഈ വകഭേദമായിരുന്നു. തെലങ്കാനയിൽ 104 സാമ്പിളുകളിൽ 53ലും കണ്ടെത്തി. യു.കെ, ഡെൻമാർക്ക്, സിംഗപ്പൂർ, ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ 16 മറ്റ് രാജ്യങ്ങളിലും എൻ440 കെ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.