
സാമ്പത്തിക പിന്നാക്കാവസ്ഥയും മാനദണ്ഡമാക്കണമെന്ന് വാദം
തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം
ന്യൂഡൽഹി: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അൻപത് ശതമാനത്തിലധികം ആകാമെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ. സംവരണം അൻപത് ശതമാനത്തിൽ കൂടുരുതെന്ന 1992 ലെ ഇന്ദിരാ സാഹ്നി കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
മറാത്താ സംവരണ കേസുമായി ബന്ധപ്പെട്ട്, സംവരണ പരിധി 50 ശതമാനമായി നിശ്ചയിച്ച 1992 ലെ വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളോട് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിലപാട് തേടിയിരുന്നു. 1992ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ദിരാ സാഹ്നി കേസിൽ വിധി പ്രസ്താവിച്ചപ്പോൾ, സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിന് പരിഗണിച്ചിരുന്ന ഘടകം. എന്നാൽ, കാലം മാറിയെന്നും, സാമ്പത്തിക പിന്നാക്കാവസ്ഥയും നിലവിൽ സംവരണത്തിനുള്ള ഘടകമാണെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു.
ഇന്ദിരാ സാഹ്നി കേസിൽ വ്യക്തമാക്കിയ അൻപത് ശതമാനത്തിൽ ഉൾപ്പെടുന്നതല്ല സാമ്പത്തിക പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട സംവരണം. ഈ വിധി വിശാലബെഞ്ചിനു വിട്ട് പുന:പരിശോധിക്കണം. സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് അധികാരം നൽകുന്ന 102ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളെയും കേരളം ഭരണഘടനാ ബെഞ്ച് മുമ്പാകെ എതിർത്തു.
ഉദ്യോഗസ്ഥ തലത്തിൽ തീരുമാനിക്കേണ്ടതല്ല സംവരണം. സംവരണ വിഷയത്തിൽ തീരുമാനങ്ങളെടുക്കാനുള്ള അന്തിമ അധികാരം നിയമനിർമ്മാണ സഭകൾക്കും ജനപ്രതിനിധികൾക്കുമാണെന്നും കേരളം വാദിച്ചു. സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശും കേരളത്തിനു വേണ്ടി ഹാജരായിരുന്നു. മറാത്താ സംവരണ വിഷയത്തിൽ കഴിഞ്ഞ എട്ടു ദിവസമായി സുപ്രീം കോടതി തുടർച്ചയായി വാദം കേൾക്കുകയാണ്.