
''ഞങ്ങളെ ഇപ്പോൾ തിരിച്ചയയ്ക്കരുതേ. കുട്ടികളും വൃദ്ധരും രോഗികളും അടങ്ങുന്ന ഞങ്ങളുടെ സംഘം അതീവ ദുർബലരാണ്. തിരികെ മ്യാൻമറിലെത്തിപ്പെട്ടാൽ വധിക്കപ്പെടും, പീഡിപ്പിക്കപ്പെടും. ഇത് ഞങ്ങളുടെ സ്വന്തം ഇടം അല്ലെന്നറിയാം. അവകാശങ്ങൾ ഉന്നയിക്കില്ല, അഭയമാണ് ആവശ്യപ്പെടുന്നത്. ഒരിക്കൽ ഞങ്ങൾ മടങ്ങിപ്പോകും. അത് വരെ ഞങ്ങളുടെ ജീവന് സംരക്ഷണം തരൂ!'' രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ കാശ്മീരിൽ നിന്ന് കുടിയിറക്കാൻ ശ്രമിക്കുന്ന റോഹിംഗ്യൻ മുസ്ലീം വിഭാഗം നീതി തേടി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിന്നുള്ളൊരു ഭാഗമാണിത്. ജീവനായുള്ള യാചന!
സ്വന്തം വീടിനോടും നാടിനോടും പ്രിയമില്ലാത്തവർ ആരാണ് ഈ ഭൂലോകത്തുണ്ടാവുക. ലോകത്തിന്റെ ഏത് കോണിൽ പോയാലും തിരികെ നാട്ടിലേക്ക് മടങ്ങണമെന്ന് മനസും ശരീരവും ഒരുപോലെ മന്ത്രിച്ചുകൊണ്ടിരിക്കും. അങ്ങനെയുള്ളപ്പോൾ ഒരായുസിന്റെ അദ്ധ്വാനവും പ്രിയപ്പെട്ടവയും എല്ലാം വാറുപൊട്ടിയ ചെരുപ്പ് പോലെ പിന്നിലുപേക്ഷിച്ച് ജീവൻ മാത്രം കൈയിൽ പിടിച്ച് മുന്നോട്ട് ഓടുന്നവരുടെ നാടിന്റെ അവസ്ഥ എന്താണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ ! നിവൃത്തികേടിന്റെ പലായനങ്ങളാണവ.
ആംനസ്റ്റി ഇന്റർനാഷണൽ പുറത്തു വിടുന്ന കണക്കുകൾ പ്രകാരം ലോകത്തെ ആകെ ജനസംഖ്യയിൽ 26 ദശലക്ഷം പേർ അത്തരത്തിലുള്ള നിവൃത്തികേടിനാൽ അഭയാർത്ഥികളാക്കപ്പെട്ടവരാണ്. ഇതിൽ പകുതിയും കുട്ടികളാണെന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം. സിറിയ, വെനിസുല, അഫ്ഗാനിസ്ഥാൻ, തെക്കൻ സുദാൻ, മ്യാൻമർ, സൊമാലിയ, കോൺഗോ തുടങ്ങിയ രാജ്യക്കാരാണ് ആഭ്യന്തരകലവും യുദ്ധവും വർണവെറിയും പട്ടിണിയും പ്രകൃതി ദുരന്തങ്ങളും നിമിത്തം അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ടവരിൽ അധികവും . ഇവരിൽ ഭൂരിഭാഗവും അഭയം പ്രാപിച്ചിരിക്കുന്നത് ജർമനി, തുർക്കി, ഇറാൻ, ലെബനൻ,സുദാൻ, ജോർദാൻ, കോളമ്പിയ, ഉഗാണ്ട, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ്. വസുദൈവ കുടുംബകം എന്ന ആപ്തവാക്യത്തിലൂന്നി ലോകം തന്നെ വീടായി സങ്കല്‌പിക്കുന്ന നമ്മുടെ ഇന്ത്യയിലുമെത്തിയിട്ടുണ്ട് അഭയം തേടി ഒട്ടേറെ പേർ. ടിബറ്റ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തുടങ്ങി സഹായത്തിനായി അതിർത്തികളിലെത്തിയവർക്ക് വാതിൽ തുറന്നിട്ട് സംരക്ഷണം കൊടുത്ത ചരിത്രമേ ഇന്ത്യയ്ക്കുള്ളൂ. എന്നാൽ ഇന്ന് സ്ഥിതി മാറി. ഇന്ത്യ ധർമ്മശാലയല്ലെന്നും ഇന്ത്യയിൽ ' ഇന്ത്യക്കാർ' മാത്രം മതിയെന്നുമാണ് പുത്തൻ നയം.
പിടികൂടും !നാട്ടിലേക്ക് കയറ്റി അയയ്‌ക്കും
ലോകത്തിലെ ഏറ്റവും വലിയ പീഡിത സമൂഹമെന്നാണ് റോഹിംഗ്യൻ മുസ്ലിങ്ങൾ വിലയിരുത്തപ്പെടുന്നത്. 1970 ലാണ് ആദ്യമായി കലാപം നടന്നത്. ശേഷം 1991 ലും 2012 ലും നടന്ന കലാപത്തിൽ ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ബംഗ്ലാദേശിലെയും മറ്റും ആഭ്യന്തര അഭയാർത്ഥി ക്യാമ്പുകളിൽ നരകതുല്യം ജീവിക്കുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്യുന്ന പട്ടാളത്തിന്റെയും ആഭ്യന്തര തീവ്രവാദികളുടെയും ചെയ്തികൾ അതിഭീകരമാണ്. മ്യാൻമറിനെ സംബന്ധിച്ച് പൗരത്വമില്ലാത്ത റോഹിംഗ്യകൾ കേവല ശരീരങ്ങൾ മാത്രമാണ്.
രക്ഷതേടി ആറായിരത്തോളം റോഹിംഗ്യകൾ ഇന്ത്യയിലെത്തിയിട്ടുള്ളതെന്നാണ് കണക്ക്. 15 വർഷത്തിലേറെയായി ഹൈദരാബാദ്, ഡൽഹി, ഹരിയാന, കാശ്മീർ തുടങ്ങിയ ഇടങ്ങളിൽ ഇവരുണ്ട്. ക്യാമ്പിനോട് ചേർന്ന് തന്നെ ചെറിയ ജോലി ചെയ്താണ് ഉപജീവനം. എന്നാൽ ഇവർ തീവ്രവാദികളാണെന്നും 'നിയമവിരുദ്ധമായി' തങ്ങുന്നവരാണെന്നും ആരോപിച്ച് പിടികൂടി മ്യാൻമറിലേക്ക് തിരിച്ചയയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി കാശ്മീരിലെ സാംബ, ചന്നി, ഭഗവതി നഗർ എന്നിവിടങ്ങിലെ ക്യാമ്പുകളിൽ നിന്ന് 150 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കുകയും ചെയ്തു. ഒരു ഉടമ്പടിയും ഉറപ്പ് വരുത്താതെ ജൂത - പാർസി - ബുദ്ധ - ശ്രീലങ്കൻ തമിഴരെയും അഭയാർത്ഥികളായി സ്വീകരിച്ച ഇന്ത്യൻ പാരമ്പര്യത്തെയാണ് ഇത്തരം നടപടികളിലൂടെ കുഴിച്ച് മൂടാനൊരുങ്ങുന്നത്.
റോഹിംഗ്യകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേന്ദ്രത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. മ്യാൻമറിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വരെ അഭയാർത്ഥികളെ തിരിച്ചയക്കരുതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും അഭിപ്രായപ്പെട്ടു. ഇപ്പോഴും റോഹിംഗ്യൻ ജനതയ്ക്ക് മ്യാൻമറിലേക്ക് മടങ്ങി പോകാനുള്ള സാഹചര്യമായിട്ടില്ലെന്നാണ് യു.എൻ. വിലയിരുത്തൽ. പിന്നാലെ മുഹമ്മദ് സലീമുള്ള എന്ന അഭയാർത്ഥിയ്‌ക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആന്റ് സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയുടെ ഹർജിയും കോടതിയിലുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉൾപ്പെട്ട ബെഞ്ചിന്റെ പരിഗണനയിലാണ് പ്രസ്തുത ഹർജികളെല്ലാം.
തീവ്രവാദികളാക്കരുത്!
ഇന്ത്യയിലുള്ള 40,000 അഭയാർത്ഥികളിൽ ഏകദേശം 16,000 പേർക്ക് മാത്രമാണ് അഭയാർത്ഥി രേഖകളുള്ളത്. ജമ്മു കാശ്മീരിൽ മാത്രം 6,523 പേരുണ്ട്. ഇവർക്ക് തീവ്രവാദബന്ധമുണ്ടെന്നാണ് ആരോപണം. എന്നാൽ ഒരാൾക്കു പോലും അത്തരം ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല. തീവ്രവാദികളാക്കി മ്യാൻമറിലേക്ക് നാടുകടത്താതെ, ഇന്ത്യാ സമുദ്ര മേഖലയിലെ ഏറ്റവും വലിയ രാജ്യമെന്ന നിലയിൽ മ്യാൻമറിനെ അനുനയിപ്പിക്കുകയോ അല്ലെങ്കിൽ രാജ്യാന്തര സമ്മർദ്ദത്തിലൂടെ റോഹിംഗ്യകൾക്ക് പൗരത്വം നൽകാൻ മ്യാൻമറിനെ നിർബന്ധിക്കുകയോ ആണ് വേണ്ടത്.
അഭയാർത്ഥികൾ തീവ്രവാദികളല്ല, തീവ്രവാദത്തിന്റെ ആദ്യ ഇരകളാണവർ. ദേശം നഷ്ടപ്പെട്ട്, ഭാഷയും സംസ്‌കാരവും ഉപേക്ഷിച്ച് ജീവൻ മാത്രം കൈയിലൊതുക്കി തുണ തേടിയെത്തിയവരാണ് ഇവർ. അഭയാർത്ഥികൾ ഒരിക്കലും നമ്മുടെ ശത്രുക്കളല്ല, മറിച്ച് അവരെ മേൽവിലാസമില്ലാത്തവരാക്കി ഭൂമിയിൽ മാറ്റിയതാരാണോ അവരാണ് നമ്മുടെ ശത്രുക്കളെന്ന് താരീഖ് റമദാൻ എന്ന സ്വിസ് തത്വചിന്തകൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
റോഹിംഗ്യൻ പ്രശ്‌നം തീർക്കാനുള്ള ഒരു റിപ്പോർട്ട് റാഖൈൻ സന്ദർശിച്ച കോഫി അന്നന്റെ നേതൃത്വത്തിൽ പഠനം നടത്തിയ സംഘം ആൻ സാൻ സൂചിക്ക് നൽകിയിട്ടുണ്ട്. 2015 ൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ട് റോഹിംഗ്യകൾക്ക് തുല്യപൗരത്വം നൽകുക എന്ന മർമ്മ പ്രധാനമായ നിർദേശമാണ്. അത് മാത്രമാണ് റോഹിംഗ്യൻ പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരം.