
ഒരാഴ്ചയ്ക്കിടെ മൂന്ന് ലക്ഷത്തിലേറെ രോഗികൾ
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,476 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. ഒക്ടോബർ 23ന് 54,350 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നുലക്ഷത്തിലേറെ പുതിയ കൊവിഡ് രോഗികളുണ്ടായി.
മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കർണാടക, ഛത്തീസ്‌ഗഡ്, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിൽ ദിനംപ്രതിയുള്ള പ്രതിദിന കേസുകൾ കൂടുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 80.63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3.95 ലക്ഷമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 26,490 പേർ രോഗ മുക്തരായി. 251 പേർ മരിച്ചു.