
മേഴ്സിയെ ഓർത്ത് കണ്ഠമിടറി
ന്യൂഡൽഹി: കെ.എസ്.യു കാലം മുതലുള്ള രാഷ്‌ട്രീയാനുഭവങ്ങൾ ഓർത്ത് വൈകാരിക പ്രസംഗത്തോടെ വയലാർ രവി രാജ്യസഭയുടെ പടിയിറങ്ങി. ഇന്ദിരാഗാന്ധിയെ എതിർത്തതിന് ജനങ്ങൾ നൽകിയ മറുപടിയാണ് 1980ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയമെന്നും അദ്ദേഹം പറഞ്ഞു.
വയലാർ രവിക്കൊപ്പം ഏപ്രിൽ 21ന് കാലാവധി പൂർത്തിയാക്കുന്ന അബ‌്‌ദുൾ വഹാബ്, കെ.കെ. രാഗേഷ് എന്നിവർക്കും രാജ്യസഭ ബഡ്ജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ യാത്രഅയപ്പ് നൽകി.
ആലപ്പുഴ എസ്.ഡി കോളേജിൽ കെ.എസ്.യു നേതാവായി തുടങ്ങി പിന്നീട് പാർലമെന്റ് അംഗമായും മന്ത്രിയായും തിളങ്ങിയ രാഷ്‌ട്രീയ കരിയർ വിവരിച്ചുകൊണ്ടായിരുന്നു വയലാർ രവിയുടെ പ്രസംഗം. 1971ൽ തിരുവനന്തപുരത്തു നിന്നുള്ള എം.പിയായിട്ടാണ് മഹത്തായ പാർലമെന്ററി ജീവിതം തുടങ്ങിയതെന്നും അതോർത്ത് വികാരഭരിതനാകുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി കോളേജിൽവച്ചാണ് മേഴ്സിയെ കണ്ടുമുട്ടിയത്. നിർഭാഗ്യവശാൽ അവരിപ്പോൾ തനിക്കൊപ്പമില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി.
"വിപ്ളവത്തിന് പേരുകേട്ട വയലാറിൽ ജനിച്ച ഞാൻ ഇന്ദിരാഗാന്ധിയുടെ മുദ്രാവാക്യങ്ങളുയർത്തിയാണ് 1971ൽ വളരെ ചെറുപ്പത്തിൽ കന്നി ലോക്സഭാംഗമായത്. 77ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1980ൽ പരാജയപ്പെട്ടു. ഇന്ദിരാഗാന്ധിയെ എതിർത്ത എന്നെ ബുദ്ധിയുള്ള ജനങ്ങൾ തോൽപ്പിച്ചു. രണ്ടുതവണ ലോക്സഭാംഗമായും നാലു തവണ രാജ്യസഭാംഗമായും എട്ടു വർഷം കാബിനറ്റ് മന്ത്രിയായും ജനങ്ങളെ സേവിക്കാൻ അവസരം നൽകിയത് കോൺഗ്രസ് പാർട്ടിയാണ്. അതിന് ഇന്ദിരാഗാന്ധിയോടും മറ്റു നേതാക്കളോടും കടപ്പെട്ടിരിക്കുന്നു"-വയലാർ രവി. പറഞ്ഞു.
പൊതുസേവനത്തിനായി ജീവിതം ഒഴിഞ്ഞുവച്ച നേതാവാണ് വയലാർ രവിയെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. രവി പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും മതേതതര സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നി ജീവിക്കുകയും ചെയ്യുന്ന നേതാവാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.
2004 മുതലുള്ള പാർലമെന്ററി ജീവിതത്തിൽ വാജ്പേയി, മൻമോഹൻസിംഗ്, നരേന്ദ്രമോദി തുടങ്ങിയ പ്രധാനമന്ത്രിമാരുടെ കാലത്ത് അംഗമാകാൻ കഴിഞ്ഞത് നേട്ടമായെന്ന് അബ്‌ദുൾ വഹാബും വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലായതിനാൽ കെ. കെ. രാഗേഷ് ഹാജരായിരുന്നില്ല.