
ന്യൂഡൽഹി: ഭീകരതയെ ചെറുക്കാൻ രൂപീകരിച്ച 25 രാജ്യങ്ങളുടെ സംയുക്ത കൂട്ടായ്മയിൽ ഇന്ത്യ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു. ആഗോള ഭീകരതയ്ക്കെതിരെ പോരാടുന്ന സർക്കാർ, സർക്കാർ ഇതര അന്താരാഷ്ട്ര സംഘടനകളിൽ ഇന്ത്യ അംഗമാണ്. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള ഭീകര വിരുദ്ധ കൂട്ടായ്മയായ യു.എൻ.ഒ.സി.ടി, ഐക്യരാഷ്ട്ര രക്ഷാ സമിതി, യു.എൻ.സി.ടി.സി തുടങ്ങിയ വിവിധ ഏജൻസികളുമായി സഹകരിച്ച് ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. ഇന്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുമായും രാജ്യം സഹകരിച്ചു വരുന്നു. ബ്രിക്‌സ് കൂട്ടായ്മ, ബിംസ്‌റ്റെക്, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കൊപ്പം സാർക്ക് രാജ്യങ്ങൾ, ആസിയാൻ, ആസിയാൻ റീജണൽ ഫോറം, ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ തുടങ്ങിയവയുടെ ഭീകര വിരുദ്ധ പദ്ധതികളുമായും ഇന്ത്യ സഹകരിക്കുന്നുണ്ട്. ഭീകരതയെ ചെറുക്കുകയും അന്തർദ്ദേശീയ തലത്തിൽ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതിനായി ഈ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി ധാരണാ പത്രം ഒപ്പുവച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യസഭയിൽ അനിൽ ദേശായിയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി.