
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ കയറ്റുമതിക്ക് കേന്ദ്രസർക്കാർ താത്കാലിക വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനിച്ചതോടെ ആഭ്യന്തര ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കയറ്റുമതിക്ക് പകരം ഇന്ത്യയിലെ ആവശ്യത്തിന് മുൻഗണന നൽകണമെന്ന് കേന്ദ്രസർക്കാർ, വാക്‌സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും നിർദ്ദേശം നൽകിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കയറ്റുമതിക്ക് മുമ്പ് വിദേശമന്ത്രാലയവുമായി കൂടിയാലോചിക്കണം. കേന്ദ്രനിർദ്ദേശത്തെ തുടർന്ന് വാക്സിൻ ഡോസുകൾ വൈകുമെന്ന് സീറം ഇൻസ്റ്റിറ്യൂട്ട് മൊറോക്കോ, ബ്രസീൽ, സൗദി അറേബ്യ, യു.കെ എന്നീ രാജ്യങ്ങളെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
റഷ്യയുടെ സ്ഫുട്നിക് വാക്‌സിൻ ഉൾപ്പെടെ കൂടുതൽ വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഇന്ത്യ ഉടൻ നൽകിയേക്കും.