
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘടനകളുടെ 12 മണിക്കൂർ ഭാരത് ബന്ത് ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നടക്കും. കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി.
ഡൽഹിയിലെ കർഷകസമരം നാലുമാസം പിന്നിടുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ബന്ത്. കോൺഗ്രസ്, ഇടതു പാർട്ടികൾ, ആം ആദ്മി, അകാലി ദൾ, എസ്.പി,ഡി.എം.കെ കക്ഷികളും ഓട്ടോ- ടാക്സി യൂണിയനുകൾ, വ്യാപാരി സംഘടനകൾ തുടങ്ങിയവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കർഷകർ റോഡുകളും റെയിൽ പാളങ്ങളും ഉപരോധിക്കും. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ല. ആന്ധ്ര സർക്കാർ ബന്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ഒരു മണി വരെ സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും മറ്റും അവധി നൽകി. സർക്കാർ ബസുകൾ ഓടില്ല.
ബന്തിന് മുന്നോടിയായി രാജ്യത്തെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി കർഷകർ പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തി.
കഴിഞ്ഞവർഷം ഡിസംബർ എട്ടിനും കർഷകസംഘടനകൾ ബന്ത് ആചരിച്ചിരുന്നു.
മിനിമം താങ്ങുവില നിയമപരമാക്കുക, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, വൈദ്യുതി ഭേഗതി ബിൽ പിൻവലിക്കുക, പെട്രോൾ ,ഡീസൽ, പാചകവാതക വിലവർദ്ധന തടയുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ബന്ത്.