
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും അസാമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ബംഗാളിൽ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളായിരുന്ന പുരുളിയ, ബങ്കുര, ജാർഗ്രാം,പൂർവ മേദിനിപുർ, പശ്ചിമ മേദിനിപുർ ജില്ലകളിലായി 30 സീറ്റുകളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. അസാമിൽ 47 മണ്ഡലങ്ങളും നാളെ ബൂത്തിലെത്തും.
പൗരത്വഭേദഗതി നിയമമടക്കം ശക്തമായ പ്രചാരണമായ ഇരു സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നരന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖരാണ് ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങിയത്.
ഒടിഞ്ഞകാലുമായി ഏറെ വൈകാരികമായ പ്രചാരണമായിരുന്നു ബംഗാളിൽ തൃണമൂലിനായി മുഖ്യമന്ത്രി മമത ബാനർജി നടത്തിയത്.
ബി.ജെ.പി, എ.ജി.പി, യു.പി.പി.എൽ സഖ്യം തുടർ ഭരണം തേടുന്ന അസാമിൽ മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ മജുലിയിൽ നിന്ന് ജനവിധി തേടുന്നു.
126 സീറ്റുള്ള അസാമിൽ മൂന്നുഘട്ടമായും ബംഗാളിലെ 294 അംഗ നിയമസഭയിൽ എട്ടുഘട്ടമായുമാണ് വോട്ടെടുപ്പ്.