
ന്യൂഡൽഹി: കിഫ്ബി മാതൃകയിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പണം ഉറപ്പാക്കാനായി ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ (ഡി.എഫ്.ഐ) രൂപീകരിക്കുന്നത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി.
ദീർഘകാല വികസനപദ്ധതികൾക്ക് പണം സമാഹരിക്കാൻ പ്രൊഫഷണലായ ഡയറക്‌ടർ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഡി.എഫ്.ഐ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. 20,000 കോടി രൂപയുടെ പ്രാഥമിക മൂലധനവുമായാണ് ഡി.എഫ്.ഐ പ്രവർത്തനം തുടങ്ങുക.
സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ സി.എ.ജിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെ പ്രതിപക്ഷം രാജ്യസഭയിൽ ചോദ്യം ചെയ്‌തു. വിദേശ ഫണ്ടുകൾ ആകർഷിക്കാൻ ഡി.എഫ്.ഐ വരുമ്പോൾ അടിസ്ഥാന വികസന പദ്ധതികൾക്ക് ഫണ്ട് നൽകുന്ന എൽ.ഐ.സി പോലുള്ളവയുടെ ഭാവി എന്താകുമെന്ന ആശങ്കയും പ്രതിപക്ഷം പ്രകടിപ്പിച്ചു. ആശങ്കകൾ ദുരീകരിക്കാൻ ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സഭ വോട്ടിനിട്ട് തള്ളി.
ആർ.ബി.ഐ നിയന്ത്രണത്തിലുള്ള സംവിധാനമാണെന്നും പ്രവർത്തന റിപ്പോർട്ട് പാർലമെന്റിൽ വയ്‌ക്കുമെന്നും മറുപടി പ്രസംഗത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഡൽഹി ബില്ലിന് അംഗീകാരം
ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ബിൽ പ്രതിപക്ഷ എതിർപ്പിനിടെ രാജ്യസഭയും പാസാക്കി. 45നെതിരെ 83 വോട്ടുകൾക്കാണ് ബിൽ പാസായത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് വിലങ്ങിടാനുള്ള ബില്ലാണെന്ന് ആരോപിച്ച് കോൺഗ്രസ്, ബി.ജെ.ഡി, എസ്.പി, വൈ.എസ്.ആർ കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിന് മുമ്പ് വാക്കൗട്ട് നടത്തിയിരുന്നു. പ്രധാന തീരുമാനങ്ങൾ നടപ്പാക്കും മുമ്പ് ലെഫ്. ഗവർണറുടെ അനുമതി ഉറപ്പാക്കുന്നതാണ് ബിൽ.
പാർലമെന്റ് പിരിഞ്ഞു
ഏപ്രിൽ എട്ടുവരെ തീരുമാനിച്ചിരുന്ന പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് നേരത്തെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മറ്റും പ്രചാരണത്തിലായത് കണക്കിലെടുത്താണിത്. എങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സമയം സിറ്റിംഗ് നടത്തി പ്രധാന ബില്ലുകൾ ഇരു സഭകളും പാസാക്കി. പാസാക്കിയ പ്രധാന ബില്ലുകൾ ധനബിൽ, ഇൻഷ്വറൻസ് ഭേദഗതി, നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ബിൽ, ജുവനൈൽ ബിൽ, മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ ബിൽ, ദി അപ്രോപ്രിയേഷൻ ബിൽ, ദി നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് ബിൽ, മൈൻസ് ആൻഡ് മിനറൽസ് ബിൽ, ആർബിട്രേഷൻ ആൻഡ് കോൺസിലേഷൻ ഭേദഗതി, ട്രൈബ്യൂണൽ പരിഷ്കാര ഭേദഗതി, മേജർ പോർട്ട് അതോറിട്ടി ബിൽ.