
ന്യൂഡൽഹി : മറാത്ത സമുദായത്തിന് 16 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം നിസാരമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത സംവരണം ആവശ്യപ്പെട്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി വിശാല ബെഞ്ചിന്റെ നീരിക്ഷണം.
സംവരണം ഇല്ലാതെ തന്നെ മഹാരാഷ്ട്രയിലെ മറ്റേത് സമുദായത്തേക്കാളും മികച്ച ജീവിത നിലവാരം പുലർത്തുന്നവരും സർക്കാർ ജോലി ചെയ്യുന്നവരുമാണ് ബഹുഭൂരിപക്ഷം മറാത്തകളും. കാർഷികവൃത്തിയിൽ ഏർപ്പെടുന്നതിനാൽ അവരെ പിന്നാക്ക സമുദായമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി നീരീക്ഷിച്ചു.
തമിഴ്നാട്, ഛത്തീസ്‌ഗഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സംവരണ പരിധി അൻപത് ശതമാനമെന്ന 1992ലെ വിധി പുനപരിശോധിക്കണമെന്ന് സുപ്രീംകോടതിയെ അറിയിച്ചു.കേരളം കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചിരുന്നു.