
 കമ്മിഷന് കത്തയച്ചു
ന്യൂഡൽഹി: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയ്ക്ക് സി.പി.എം കത്തയച്ചു. കമ്മിഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പി.ബി അംഗം നീലോൽപൽ ബസു കത്തിൽ പറഞ്ഞു. തീരുമാനം തിരുത്തണം.
തിരഞ്ഞെടുപ്പ് മാറ്റിവച്ച വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ച കമ്മിഷൻ അടിയന്തര സാഹചര്യമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കമ്മിഷൻ നടപടി സുതാര്യമല്ല. കേന്ദ്രസർക്കാരിൽ നിന്നുള്ള കുറിപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് മാറ്റിയതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ ആജ്ഞാനുവർത്തിയായാണ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായി.
കേരളത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളിൽ ഇടപെടാൻ കേന്ദ്രത്തിനാകില്ല. കേരളത്തിൽ 2016ൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചശേഷമാണ്. നിലവിലുള്ള അംഗങ്ങളുടെ കാലാവധി തീരും മുമ്പ് രാജ്യസഭയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരള നിയമസഭയ്ക്ക് പരമാധികാരമുണ്ട്. ഇത് നിഷേധിക്കുന്നതാണ് നടപടിയെന്നും നീലോൽപൽ ബസു ചൂണ്ടിക്കാട്ടി.
.... 
ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമാണിത്. നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ അവകാശം ഹനിക്കുന്ന നടപടി പിൻവലിക്കാൻ കമ്മിഷൻ തയ്യാറാകണം. കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ ഉയരുന്ന ശബ്‌ദം ദുർബലമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനെ ആയുധമാക്കുകയാണ്.
- എ.വിജയരാഘവൻ,
എൽ.ഡി.എഫ് കൺവീനർ