
ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ നടപടി സുപ്രീംകോടതി ശരിവച്ചു. മിസ്ത്രിയെ തിരികെ നിയമിച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി.) ഉത്തരവിനെതിരെ ടാറ്റാ സൺസും രത്തൻ ടാറ്റയും നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി. 'മിസ്ത്രിയെ പുറത്താക്കിയ തീരുമാനം നിയമപമായി ടാറ്റാ ഗ്രൂപ്പിന് അനുകൂലമാണെന്ന്" ബെഞ്ച് വ്യക്തമാക്കി.
വ്യവസായികളായ ഷപൂർജി പല്ലോൻജി കുടുംബത്തിലെ സൈറസ് മിസ്ത്രി 2012ലാണ് ടാറ്റാ സൺസിന്റെ ചെയർമാനായി സ്ഥാനമേറ്റത്. രത്തൻ ടാറ്റയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്ന് 2016 ഒക്ടോബർ 24ന് മിസ്ത്രിയെ പുറത്താക്കി. ടാറ്റാ സൺസിൽ 18.4 ശതമാനം ഓഹരിയുണ്ടായിരുന്ന ഷപൂർജി പല്ലോൻജി കുടുംബം ഇതിനെതിരെ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചു. മിസ്ത്രിക്ക് പുനർനിയമനം നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. തുടർന്നാണ്, മിസ്ത്രിയുടെ പുനർനിയമനം ഓഹരിയുടമകളുടെ താത്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ടാറ്റ സുപ്രീംകോടതിയെ സമീപിച്ചത്.
മൂല്യങ്ങളുടെ വിജയം
സുപ്രീംകോടതി വിധി ടാറ്റാ ഗ്രൂപ്പ് ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെയും ധാർമ്മികതയുടെയും വിജയമാണെന്ന് ഗ്രൂപ്പിന്റെ ചെയർമാൻ-എമിരറ്റസ് രത്തൻ ടാറ്റ പറഞ്ഞു. ഇന്ത്യൻ നിയമവ്യവസ്ഥയുടെ അന്തഃസ് വ്യക്തമാക്കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
സൈറസ് മിസ്‌ത്രിയും ടാറ്റയും
2012ൽ ടാറ്റാ സൺസ് എക്‌സിക്യൂട്ടീവ് ചെയർമാൻ പദവി
2016 ഒക്ടോബർ 24 : ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ ബോർഡ് പുറത്താക്കി. ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ ചുമതലയേറ്റു.
ഗ്രൂപ്പിന്റെ തളർച്ചയ്ക്ക് കാരണം രത്തൻ ടാറ്റയാണെന്ന് മിസ്ത്രി ആരോപിക്കുന്നു.
2017 ഫെബ്രുവരി 20 : ടി.സി.എസ് സി.ഇ.ഒ എൻ. ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പ് ചെയർമാനായി.
2018 ജൂലായ് 9 : ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയുള്ള മിസ്ത്രിയുടെ ഹർജി എൻ.സി.എൽ.ടി തള്ളി
2018 ആഗസ്റ്റ് 3 : കമ്പനി ലോ അപ്പലേറ്ര് ട്രൈബ്യൂണലിൽ മിസ്ത്രിയുടെ അപ്പീൽ.
2019 ഡിസംബർ 18: മിസ്‌ത്രിയെ പുറത്താക്കിയത് നിയമപ്രകാരമല്ലെന്ന് എൻ.സി.എൽ.എ.ടി വിധി. അദ്ദേഹത്തെ വീണ്ടും ചെയർമാനായും നിയമിച്ചു.
2020 ജനുവരി 10: എൻ.സി.എൽ.എ.ടി വിധിക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ
ഓഹരികളിൽ കുതിപ്പ്
സുപ്രീംകോടതിയിൽ നിന്നുള്ള അനുകൂലവിധി ഇന്നലെ ടാറ്റാ ഗ്രൂപ്പ് ഓഹരികൾക്ക് കരുത്തായി. ടി.സി.എസ്., ഇന്ത്യൻ ഹോട്ടൽസ്, ടാറ്റാ സ്‌റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ പവർ, ടാറ്റാ കമ്മ്യൂണിക്കേഷൻസ്, ടാറ്റാ കോഫീ, ടൈറ്റൻ, ടാറ്റാ കെമിക്കൽസ് എന്നിവ ആറുശതമാനം വരെ മുന്നേറി.