
ജാതി സംവരണം ഇല്ലാതായേക്കുമെന്ന് വാക്കാൽ നിരീക്ഷണം
ന്യൂഡൽഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും, സാമ്പത്തിക സംവരണമായിരിക്കും നിലനിൽക്കുകയെന്നും സുപ്രീംകോടതി പരാമർശം. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം.
ഘട്ടം ഘട്ടമായി ജാതി സംവരണം പൂർണമായും ഒഴിവാക്കണമെന്ന് എസ്.സി.ബി.സി വെൽഫെയർ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീരാം പിംഗ്ളെ വാദിച്ചു. ഇന്ദിരാ സാഹ്നി കേസ് വിധിയുടെ അടിസ്ഥാനത്തിൽ സംവരണം നിശ്ചയിക്കുന്നതിനുള്ള ഘടകം ജാതി മാത്രമായി മാറി. ജാതിയെയാണ് രാജ്യം ആദ്യം അഭിമുഖീകരിക്കേണ്ടത്. പരിധിക്കപ്പുറത്തേക്ക് സംവരണം അനുവദിക്കുന്നതും സംവരണതത്വത്തിന് എതിരാണെന്ന് പിംഗ്ളെ വാദിച്ചു.
ഇതിനു മറുപടിയായാണ്, സംവരണ വിഷയത്തെക്കുറിച്ചുള്ള പുനർചിന്തനം തുടക്കം മാത്രമാണെന്നും, മറ്റെല്ലാ സംവരണങ്ങളും പോയി അവസാനം സാമ്പത്തിക സംവരണം മാത്രം നിലനിൽക്കുമെന്നും കോടതി അഭിപ്രായപ്പെട്ടത്. സാമ്പത്തിക സംവരണം പുരോഗമനപരമായ തീരുമാനമാണ്. പരിഷ്കൃത സമൂഹത്തിൽ ജാതി സംവരണത്തെക്കാൾ സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന വാദം സ്വീകരിക്കാവുന്നതാണ്. അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാർലമെന്റ് ആണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ജാതിരഹിതമായി എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കലായിരുന്നു ലക്ഷ്യമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ നിരീക്ഷിച്ചു.
വാദം അവസാനിച്ചു;
വിധി പറയാൻ മാറ്റി
സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 16 ശതമാനം മറാത്ത സംവരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹർജിയിലും 1992 ഇന്ദിരാസാഹ്നി വിധി പുനഃപരിശോധിക്കണോ എന്ന വിഷയത്തിലും സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂർത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് ഇന്ദിരാ സാഹ്നി കേസിലെ വിധി. ആ വിധി പുന:പരിശോധിക്കണമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വാദം.