
ഛത്തീസ്ഗഡിലേക്കും ചണ്ഡീഗഡിലേക്കും കേന്ദ്ര സംഘം
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ -35,952.
അതേസമയം കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി വാക്‌സിനേഷൻ വിപുലമാക്കാൻ ആലോചിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. കഴിഞ്ഞ നാലു ദിവസം കൊണ്ട് മാത്രം ഒരു കോടിപ്പേർക്ക് വാക്‌സിൻ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 4.21 ലക്ഷമായി ഉയർന്നു. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 73.64 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിൽ 32,987പേർ രോഗ മുക്തരായി. 95.09ശതമാനമാണ് രോഗമുക്തി നിരക്ക്.
257 മരണം റിപ്പോർട്ട് ചെയ്തു.
കൊവിഡ് കേസുകളുയരുന്ന ഛത്തീസ്ഗഡിലും ചണ്ഡീഗഡിലും പ്രതിരോധ നടപടികൾ ശക്തമാക്കാനായി കേന്ദ്രആരോഗ്യമന്ത്രാലയം വിദഗ്ദ്ധ സംഘങ്ങളെ അയച്ചു. ഛത്തീസ്ഗഡിലേക്കുള്ള സംഘത്തെ എൻ.സി.ഡി.സി ഡയറക്ടർ ഡോ.എസ്.കെ സിംഗ് നയിക്കും.
ടെക്‌സ്‌റ്റൈൽ മന്ത്രാലയ അഡിഷണൽ സെക്രട്ടറി വിജോയ് കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് ചണ്ഡീഗഡിലെ വിദഗ്ദ്ധസംഘം.