
ന്യൂഡൽഹി: പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചും കർശന സുരക്ഷയിലുമാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ബാധിത മേഖലകളിലൊഴികെ എല്ലായിടത്തും പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി. എട്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പുരുളിയ, ബങ്കുര, ജാർഗ്രാം,പൂർവ മേദിനിപുർ, പശ്ചിമ മേദിനിപുർ ജില്ലകളിലായി 30 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. 191 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു.
ബി.ജെ.പിയും തൃണമൂലും ഇവിടെ 29 സീറ്റുകളിൽ മത്സരിക്കുന്നു. ഇടത് പാർട്ടികളും കോൺഗ്രസും ഐ.എസ്.എഫും സംയുക്ത മുന്നണിയായാണ് മത്സരിക്കുന്നത്.സി.പി.എമ്മിലെ മുൻ എം.പി പുളിൻബിഹാരി ബസ്‌കെ കേശിയാരി മണ്ഡലത്തിലും തൃണമൂൽ നേതാവും മന്ത്രിയുമായ ശാന്തിറാം മഹാതോ ബൽറാംപുരിൽ നിന്നും ജനവിധി തേടുന്നു. മുൻ എം.പിയും ഫോർവേർഡ് ബ്ലോക്ക് നേതാവുമായിരുന്ന നരഹരി മഹാതോ ബി.ജെ.പി സ്ഥാനാർത്ഥിയായി ജോയ്‌പൂരിൽ മത്സരിക്കുന്നു.
ഫോർവേർഡ് ബ്ലോക്ക് ജോയ്പൂരിലും ബാഗ്മുണ്ഡിയിലും സംയുക്ത മുന്നണിയിൽ ഒപ്പമുള്ള കോൺഗ്രസിനെതിരെ സ്ഥാനാർത്ഥിയെ നിറുത്തിയിട്ടുണ്ട്. സിറ്റിംഗ് കോൺഗ്രസ് എം.എൽ.എ സുധീപ് മുഖർജി ബി.ജെ.പിയിലേക്ക് കൂറുമാറി വീണ്ടും ജനവിധി തേടുന്ന പുരുളിയയിലാണ് മറ്റൊരു ശ്രദ്ധേയ പോരാട്ടം.
അസാമിൽ ജനവിധി തേടി മുഖ്യമന്ത്രിയും
മൂന്ന് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന അസാമിലെ 47 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തുന്നത്.
ഇതിൽ അസാം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ മത്സരിക്കുന്ന മജുലി മണ്ഡലവും ഉൾപ്പെടുന്നു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രജിബ് ലോച്ചൻ പെഗു ആണ് എതിരാളി.ആകെ 126 മണ്ഡലങ്ങൾ അസാമിലുണ്ട്. അസാമിൽ ബി.ജെ.പി, അസംഗണപരിഷത്ത് സഖ്യം തുടർഭരണം തേടുമ്പോൾ കോൺഗ്രസ്, എ.ഐ.യു.ഡി.എഫ്, ബി.പി.എഫ്. ഇടതുപാർട്ടികൾ തുടങ്ങിയവരുൾപ്പെടുന്ന മഹാസഖ്യമാണ് പ്രധാന എതിരാളി. രജിയോർദൾ, എ.ജെ.പി എന്നീ പാർട്ടികളും മത്സരരംഗത്തുണ്ട്. പല മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമാണ്.