
ന്യൂഡൽഹി: അനധികൃത ഓഹരിവില്പനയിലൂടെ നേട്ടമുണ്ടാക്കിയെന്ന കേസിൽ എൻ.ഡി.ടി.വി. പ്രൊമോട്ടർമാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവരുടെ സ്വത്ത് കണ്ട് കെട്ടി 27 കോടി രൂപ പിഴ ഈടാക്കാനുള്ള സെക്യൂരിറ്റീസ് ആൻ എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി ) ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഹർജിയിൽ ഒത്തുതീർപ്പുണ്ടാക്കാനും നാലാഴ്ചക്കകം 50 ശതമാനം തുകയെങ്കിലും അടച്ചുതീർത്താൽ പിഴ ഒഴിവാക്കി നൽകാമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഇൻസൈഡർ ട്രേഡിംഗിലൂടെ എൻ.ഡി.ടി.വി. പ്രൊമോട്ടർമാരായ പ്രണോയ് റോയ്, ഭാര്യ രാധികാ റോയ് എന്നിവർ 16.97 കോടിയുടെ അനധികൃത നേട്ടമുണ്ടാക്കിയെന്ന് സെബി കണ്ടെത്തിയിരുന്നു. ഈ തുകയും ആറുശതമാനം പലിശയും ചേർത്താണ് സെബി പിഴ ചുമത്തിയത്.
എൻ.ഡി.ടി.വി വലിയ പ്രതിസന്ധിയിലാണെന്നും അതിന്റെ ഓഹരിയല്ലാതെ തങ്ങൾക്ക് മറ്റു സ്രോതസുകളൊന്നുമില്ലെന്നും പ്രൊമോട്ടർമാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 15 കോടി രൂപയിലേറെ മൂല്യമുള്ള തങ്ങളുടെ ഓഹരികൾ ഈടായി നൽകാമെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
എൻ.ഡി.ടി.വി.യിൽ നൂറുശതമാനം ഓഹരിയുണ്ടായിരുന്ന പ്രൊമോട്ടർമാർ 2007ൽ അതിന്റെ 48 ശതമാനം വിറ്റു , ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്നുമെടുത്ത ലോൺ തിരിച്ചടച്ചില്ല തുടങ്ങി കേസുകളിലാണ് നടപടി.