rajyasabha

ന്യൂഡൽഹി കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്നു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാ​റ്റിവയ്ക്കാനുള്ള തീരുമാനം പിൻവലിച്ച്, ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയ്ക്ക് കത്ത് നൽകി. നിയമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് സുപ്രീംകോടതി വിധികളുടെ ലംഘനമാണ്. തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കംകുറിച്ചശേഷം ഇടപെടാൻ കേന്ദ്രസർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. നിലവിലെ കേരള നിയമസഭയ്ക്ക് ഏതാനും മാസം കൂടി കാലാവധിയുണ്ട്. നിയമസഭ നിലവിലുള്ള സംസ്ഥാനത്ത് രാജ്യസഭാംഗങ്ങളുടെ സീ​റ്റുകൾ ഒഴിഞ്ഞുകിടക്കാൻ പാടില്ല. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയായി മാറിയ കമ്മിഷൻ ഇക്കാര്യം വിസ്മരിച്ചത് ജനങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തുമെന്നും വിശദീകരണം നൽകാൻ ബാദ്ധ്യതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.