supreme-court-

ന്യൂഡൽഹി: മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായി പഞ്ചാബിലെ രൂപർ ജയിലിൽ കഴിയുന്ന മാഫിയ ഡോണും ബി.എസ്.പി എം.എൽ.എയുമായ മുക്താർ അൻസാരിയെ ഉത്തർപ്രദേശിലെ ബാന്ദ ജയിലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്.

ഉത്തർപ്രദേശിൽ നിരവധി ക്രിമിനൽ കേസുകളാണ് മുക്താർ അൻസാരിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തിനായി അൻസാരിയെ സംസ്ഥാനത്ത് എത്തിക്കേണ്ടത് ആവശ്യമാണെന്നും കാട്ടി യു.പി സർക്കാർ നൽകിയ അപേക്ഷയിലാണ് നടപടി.

രണ്ടാഴ്ചയ്ക്കുള്ളിൽ അൻസാരിയെ മാറ്റണമെന്നും ബാന്ദ ജയിൽ സൂപ്രണ്ട് അൻസാരിക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

തന്റെ കേസുകളിന്മേലുള്ള വിചാരണ യു.പിക്ക് പുറത്ത് വേണമെന്നുള്ള അൻസാരിയുടെ ആവശ്യം കോടതി തള്ളി.

ഉത്തർപ്രദേശിലേക്ക് അയയ്ക്കരുതെന്നും, തന്റെ ജീവൻ അപകടത്തിലാകുമെന്നും ആരോപിച്ച് മുക്താർ അൻസാരി സർക്കാരിന്റെ അപേക്ഷയെ എതിർത്തെങ്കിലും കോടതി ഇത് തള്ളി. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ മുക്താർ അൻസാരിയെ 2015ലാണ് പഞ്ചാബിലെ ജയിലിലേക്ക് മാറ്റിയത്.