
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയിൽ ഇരട്ടവോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എട്ട് മണ്ഡലങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ഇല്ലെങ്കിൽ നടപടിയെടുക്കുമെന്നും കമ്മിഷൻ ഉറപ്പു നൽകിയതായി പാർട്ടി വക്താവ് രൺദീപ് സുർജേവാല അറിയിച്ചു.
വോട്ടർപട്ടികയിലെ ഇരട്ടിപ്പുകൾ ഇല്ലാതാക്കുന്ന നടപടി നിരീക്ഷിക്കാൻ സംസ്ഥാനത്തേക്ക് ഒരു പ്രതിനിധിയെ അയച്ചതായും കമ്മിഷനെ സന്ദർശിച്ച എ.ഐ.സി.സി പ്രതിനിധി സംഘത്തെ അറിയിച്ചു.. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും ഒന്നിലധികം തിരിച്ചറിയൽ കാർഡുള്ള വോട്ടർമാർക്കെതിരെയും നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
വോട്ടർമാരുടെ ഇരട്ടിപ്പ് പരിഹരിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എൽ.ഡി.എഫിനെ സഹായിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഒരു വോട്ടർ പല തിരിച്ചറിയാൽ കാർഡ് നമ്പറുകളുമായി പല ബൂത്തുകളിലെ വോട്ടർ പട്ടികയിൽ ഇടം നേടിയതടക്കം തങ്ങൾ കണ്ടെത്തിയ വിശദാംശങ്ങളും രമേശ് ചെന്നിത്തലയും എ.ഐ.സി.സി നേതാക്കളും സംയുക്തമായി സമർപ്പിച്ച പരാതിക്കൊപ്പം കമ്മിഷന് കൈമാറിയിട്ടുണ്ട്.
ഉത്തരവാദി കമ്മിഷനെന്ന് സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: ഇരട്ടവോട്ട് പ്രശ്നത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തി സി.പി.ഐ മുഖപത്രം. ഒരാളുടെ പേരിൽ ഒന്നിലേറെ വോട്ടർ ഐ.ഡി കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനാണ്. പ്രതിപക്ഷ നേതാവ് നിരന്തരം ഉന്നയിക്കുന്ന വോട്ടർപട്ടിക വിവാദം കേന്ദ്ര ഭരണക്കാർക്കുള്ള അന്നമായേ കരുതാനാവൂ എന്നും പത്രത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു .
വോട്ടർപ്പട്ടിക കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പിന് സജ്ജീകരിക്കുകയെന്ന കർത്തവ്യത്തിനാണ് വർത്തമാനങ്ങളെക്കാൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രാധാന്യം നൽകേണ്ടത്. സംസ്ഥാന സർക്കാരിനു പോലും ഇക്കാര്യത്തിൽ ഇടപെടാനാവില്ല. ഇരട്ടവോട്ട് കണ്ടെത്തുന്നത് ആദ്യമല്ലെന്നും എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വോട്ടർപ്പട്ടികയില പാകപ്പിഴ കണ്ടെത്തേണ്ട ഉത്തരവാദിത്തം രാഷ്ട്രീയപാർട്ടികളുടേത് മാത്രമാണെന്ന തരത്തിൽ പ്രസംഗിച്ച് കൈയ്യടി നേടാൻ ശ്രമിക്കുന്നത് അൽപ്പത്തരമാണ്.. പൊതുജനങ്ങളുടെ പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ചതിന് ശേഷം അന്തിമമായി പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുള്ളതാണ്. അതിലെ പരിശോധനകളും ഗൗരവമുള്ള തിരുത്തും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിധിയിലുള്ളതാണ്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വോട്ടർപ്പട്ടികയിൽ പേര് ചേർക്കലിനും പാകപ്പിഴകൾ കണ്ടെത്തുന്നതിനും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർക്ക് ഇക്കുറി പരിമിതികളേറെയുണ്ടായിരുന്നത്ബോധപൂർവം മറക്കരുത്. ആക്ഷേപം ഉന്നയിക്കാൻ സമയം അനുവദിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഉറങ്ങുകയായിരുന്നോ എന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കിൽ പോലും പാടില്ലാത്തതാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.