
ന്യൂഡൽഹി: 1947 ആഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരാധനാ സ്ഥലത്തിന്റെ മതസ്വഭാവം എന്തായിരുന്നുവോ ആ സ്ഥിതി അതേപടി തുടരണമെന്ന 1991ലെ ആരാധന സ്ഥല നിയമത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര ആഭ്യന്തര, നിയമ, സാംസ്‌കാരിക വകുപ്പുകൾക്ക് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. സമാനമായ സ്വഭാവത്തിൽ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാദ്ധ്യായ അടക്കമുള്ളവർ സമർപ്പിച്ച സമാനഹർജികൾക്കൊപ്പം പരിഗണിക്കാനും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ആരാധനാലയങ്ങൾ അതിക്രമിച്ച് കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നും അത് വീണ്ടെടുക്കാനുള്ള ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതവിശ്വാസികളുടെ അവകാശം ഹനിക്കുന്നതാണ് ഈ നിയമമെന്നുമാണ് ഹർജിക്കാരന്റെ ആരോപണം. അയോദ്ധ്യകേസിൽ ആരാധന സ്ഥല നിയമത്തെ ഒഴിവാക്കിയിരുന്നു.