
ന്യൂഡൽഹി: ഹോളി, വിഷു തുടങ്ങിയ ആഘോഷങ്ങൾ വരാനിരിക്കെ ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് നടപടി.
കൊവിഡിൽ രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്രആഭ്യന്തരസെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി. മാർച്ച് 23ന് നൽകിയ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ അലംഭാവമുണ്ട്. അന്തർസംസ്ഥാന യാത്രകൾ തടയരുതെന്നും കേന്ദ്രം ആവർത്തിച്ചു.