india-covid-

 കേസുകൾ ഉയരുന്ന 12 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് അതീവ ആശങ്കയുയർത്തി കൊവിഡ് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,​258 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകളിലെ 80 ശതമാനവും. ഡൽഹിയടക്കം പത്ത് സംസ്ഥാനങ്ങളിൽ കേസുകൾ ഉയരുകയാണ്. രാജ്യത്തെ ആക്ടീവ് കേസുകൾ 4.52 ലക്ഷമായി ഉയർന്നു. മഹാരാഷ്ട്രയിലാണ് ഇതിൽ 62.69 ശതമാനവും. കേരളത്തിൽ 5.43 ശതമാനം പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് ഉയരുന്ന 12 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്രആരോഗ്യമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തി.
കേന്ദ്ര ആരോഗ്യസെക്രട്ടറി വിളിച്ച യോഗത്തിൽ കൊവിഡ് രൂക്ഷമായ മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, തമിഴ്‌നാട്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, ജമ്മുകാശ്‌മീർ, കർണാടക, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ അഡിഷണൽ ചീഫ്‌ സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരും 46 ജില്ലകളിലെ മുൻസിപ്പൽ കമ്മിഷണർമാരും കളക്ടർമാരും പങ്കെടുത്തു. ഈ ജില്ലകളിൽ പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ കൊവിഡ് കുതിപ്പാണ് ഇപ്പോൾ രാജ്യത്തുണ്ടാകുന്നത്. ഈ മാസമുണ്ടായ 71 ശതമാനം കൊവിഡ് കേസുകളും 69 ശതമാനം മരണവും 46 ജില്ലകളിലാണ്. കഴിഞ്ഞ ഒരാഴ്ച രാജ്യത്തുണ്ടായ കേസുകളിൽ 59.8 ശതമാനവും മഹാരാഷ്ട്രയിലെ 25 ജില്ലകളിലാണ്
കൊവിഡ് മരണത്തിൽ 90 ശതമാനവും 45 വയസിൽ കൂടുതലുള്ളവരാണ്. ഒരു കൊവിഡ് ബാധിതനിലൂടെ ഒരു മാസത്തിനുള്ളിൽ ശരാശരി 406 പേരിലേക്ക് രോഗം പടരാം. സാമൂഹിക അകലമടക്കമുള്ള കൊവിഡ് പ്രോട്ടോക്കാൾ പാലിക്കുന്നതിലെ വീഴ്ചയാണ് കേസുകളുയരാൻ കാരണമെന്നും ഉന്നതതലയോഗം വിലയിരുത്തി. 70 ശതമാനത്തിലേറെ ആർ.ടി.പി.സി.ആർ പരിശോധന, രോഗിയുമായി ഏറ്റവും അടുത്ത് സമ്പർക്കത്തിൽ വന്നവരിൽ ശരാശരി 30 പേരെ ആദ്യ 72 മണിക്കൂറിനുള്ളിൽ തന്നെ കണ്ടെത്തി പരിശോധന നടത്തി ഐസൊലേറ്റ് ചെയ്യുക,

ആൾക്കൂട്ടമുണ്ടാകുന്നയിടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുക, കൂടുതൽ കേസുകളുള്ള ജില്ലകളിൽ വാക്‌സിനേഷൻ ശക്തമാക്കുക എന്നീ നിർദ്ദേശങ്ങൾ കേന്ദ്രം നൽകി.