
പശ്ചിമബംഗാളിൽ പടിഞ്ഞാറൻ ബർദ്വാനിലെ അസൻസോൾ-ദുർഗാപൂർ പ്രദേശങ്ങളിൽ വലിയ ചാക്കുകെട്ടുകൾ സൈക്കിളിന് പിന്നിൽ കെട്ടിവച്ച് ഊടുവഴികളിലൂടെ പാഞ്ഞിരുന്ന ചെറുപ്പക്കാരെ ഇപ്പോൾ കാണാനില്ല. മേഖലയിൽ സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്‌ടിച്ച കൽക്കരി ഖനികളിൽ നിന്ന് അനധികൃതമായി കടത്തുന്ന കൽക്കരിയായിരുന്നു ആ ചാക്കുകളിൽ.
സൈക്കിളുകൾ ചങ്ങാടങ്ങളിൽ കയറ്റി അക്കരെ എത്തിച്ച് ചാക്കുകൾ അവിടെ കാത്തു കിടക്കുന്ന ട്രക്കുകളിലും കാളവണ്ടികളിലും കയറ്റും. ചാക്കുകളുടെ എണ്ണത്തിനനുസരിച്ച് 700 മുതൽ 1000 രൂപ വരെ കൂലി. നാലു ലക്ഷത്തോളം ആളുകളുടെ ഉപജീവന മാർഗമായിരുന്നു ഈ കൽക്കരി കടത്ത്.
കൽക്കരി കടത്ത് തടയാൻ കേന്ദ്ര ഏജൻസികളായ സി.ബി.ഐയും എൻഫോഴ്സ്‌മെന്റും എത്തിയതോടെ നവംബർ മുതൽ ഇവർക്ക് കഷ്‌ടകാലമാണ്. കള്ളക്കടത്ത് നിയന്ത്രിച്ച മാഫിയാ തലവൻ അനുപ് മാജി എന്ന ലാലയുടെ വസതിയിലും മറ്റും സി.ബി.ഐ റെയ്ഡ് ചെയ്‌തു. ഒളിവിൽപ്പോയ മാജിയെ പിടിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നൂറ് ടണ്ണോളം കൽക്കരി പൊലീസ് പിടിച്ചെടുത്തു. സൈക്കിൾ കടത്ത് നിലച്ചു. ചെറുപ്പക്കാർക്ക് ജോലിയുമില്ലാതായി.
സി.ബി.ഐയെയും ഇഡിയെയും കൊണ്ടുവന്നത് ബി.ജെ.പിയാണെന്ന് അസൻസോൾ-ദുർഗാപൂർ മേഖലയിൽ തൃണമൂൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നു. കള്ളക്കടത്ത് നടത്തിയാണെങ്കിലും ജീവിച്ച നാലുലക്ഷത്തോളം പേരുടെ ഉപജീവനം ഇല്ലാതാക്കിയത് ബി.ജെ.പിയാണെന്നും പ്രാദേശിക തൃണമൂൽ നേതാക്കൾ പറയുന്നു. ഇവരിൽ പലർക്കും കള്ളക്കടത്ത് മാഫിയയുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്.
മുൻപ് സി.പി.എമ്മിനെതിരെയും തൃണമൂൽ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. 2011വരെ സി.പി.എമ്മിനായിരുന്നു ഇവിടെ സ്വാധീനം. ജമൂരിയയിൽ സി.പി.എം ബന്ധമുള്ള മാഫിയ ഒരു തൃണമൂൽ പ്രവർത്തകനെ വധിച്ചതോടെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന മമതാ ബാനർജി കള്ളക്കടത്ത് വലിയ വിഷയമാക്കി. തുടർന്ന് പൊലീസ് വ്യാപക റെയ്ഡ് നടത്തി കള്ളക്കടത്ത് നിയന്ത്രിച്ചു.
ഈസ്റ്റേൺ കോൾഫീൽഡ്, ഐ.ഐ.എസ്.സി.ഒ, ദുർഗാപൂർ സ്റ്റീൽ പ്ളാന്റ്, അലോയ് സ്റ്റീൽ പ്ളാന്റ്, ഭാരത് ഒഫ്‌താൽമിക് ഗ്ളാസ് ലിമിറ്റഡ്, മൈനിംഗ് ആൻഡ് അലൈഡ് മെഷീനറി കോർപറേഷൻ, ഹിന്ദുസ്ഥാൻ കേബിൾസ് ലിമിറ്റഡ് തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിലും അസൻസോൾ-ദുർഗാപൂർ മേഖലയിൽ തൊഴിലില്ലായ്‌മ രൂക്ഷമാണ്. പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്‌ടത്തിലായതോടെ പിരിച്ചുവിടപ്പെട്ടവരുമുണ്ട്. തൊഴിൽ നൽകാൻ പറ്റിയ സ്വകാര്യ സ്ഥാപനങ്ങളുമില്ല.കള്ളക്കടത്ത് നടത്തിയിരുന്ന ചെറുപ്പക്കാർക്കെല്ലാം ജോലി നൽകുമെന്നാണ് ബി.ജെ.പി വാഗ്ദാനം. മമതാ സർക്കാർ നല്ല തൊഴിൽ നൽകാത്തതു കൊണ്ടാണ് അവർ കള്ളക്കടത്ത് നടത്തിയതെന്നും പാർട്ടി അധികാരത്തിൽ വന്നാൽ നല്ല അവസരങ്ങളുണ്ടാക്കുമെന്നും ഉറപ്പു നൽകുന്നു. എന്നാൽ ചെറുപ്പക്കാരെ ജോലി വാഗ്ദാനം ചെയ്‌ത് ബി.ജെ.പി പാർട്ടി അംഗങ്ങളാക്കിയെന്ന് തൃണമൂൽ ആരോപിക്കുന്നു.