
ന്യൂഡൽഹി: വൻ നഷ്‌ടത്തിലുള്ള എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികൾ വിറ്റഴിക്കാൻ പറ്റിയില്ലെങ്കിൽ കമ്പനി പൂട്ടേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. എയർഇന്ത്യ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചവർക്ക് 64 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഓഹരി വിറ്റഴിക്കണമോ വേണ്ടയോ എന്നതല്ല ചോദ്യം. ഓഹരി വില്ക്കണോ അതോ കമ്പനി പൂട്ടണോ എന്നതാണ്. എയർ ഇന്ത്യ ഒന്നാം നിരയിലുള്ള സ്വത്താണ്. പക്ഷേ 60,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ളതിനാൽ സ്വകാര്യവത്കരണമല്ലാതെ വഴിയില്ല. എയർ ഇന്ത്യയ്‌ക്ക് പുതിയ ഉടമസ്ഥർ വന്നേ പറ്റൂ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉറച്ച നിലപാടിലാണ്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന യോഗത്തിൽ 64 ദിവസത്തിനുള്ളിൽ ഓഹരി വിറ്റഴിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഓഹരി വിറ്റഴിക്കൽ സുഗമമാക്കാൻ രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളിലേക്ക് കേന്ദ്ര ബഡ്ജറ്റിൽ 2268 കോടി രൂപ നീക്കിവച്ചിരുന്നു.