local-body-election-resul

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും അതിശക്തമായ പോരാട്ടം നടത്തുന്ന പശ്ചിമബംഗാളിലെ 30 മണ്ഡലങ്ങളിലായി നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്. വൈകിട്ട് 6.50 വരെയുള്ള കണക്ക് പ്രകാരം ബംഗാളിൽ 79.79 ശതമാനവും 47 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന അസാമിൽ 72.30 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

കനത്ത സുരക്ഷയിൽ നടന്ന വോട്ടെടുപ്പിനിടെയും ബംഗാളിൽ പലയിടങ്ങളിലും അക്രമം അരങ്ങേറി. തൃണമൂലിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയുടെ സഹോദരൻ സൗമേന്ദുവിന് നേരെ കാന്തിയിൽ വച്ച് ആക്രമണമുണ്ടായി. തൃണമൂൽ പ്രവർത്തകർ ആക്രമിച്ചതായാണ് പരാതി. പശ്ചിമ മേദനിപ്പുരിലെ സൽബൊണിയിൽ സി.പി.എം സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ സുശാന്ത് ഘോഷിന് നേരെ തൃണമൂൽ പ്രവർത്തകരുടെ ആക്രമണമുണ്ടായി. കാർ അക്രമികൾ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റുചെയ്തതായി അധികൃതർ അറിയിച്ചു. ഏപ്രിൽ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ ബി.ജെ.പി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയംകാന്തി ഉത്തർ, കാന്തി ദക്ഷിൺ എന്നിവിടങ്ങളിൽ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി തൃണമൂൽ ആരോപിച്ചു.

തൃണമൂൽ കോൺഗ്രസിന് ചെയ്ത വോട്ട് ബി.ജെ.പിക്ക് പോയതായാണ് ആരോപണം. അസമിൽ പൊതുവിൽ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ അടക്കമുള്ള പ്രമുഖർ വോട്ട് ചെയ്തു.