arun-narang

ഇന്ന് കാർഷിക നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധം

ന്യൂഡൽഹി: രാജ്യവ്യാപകമായി ഇന്ന് ക‌ർഷകർ പുതിയ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിക്കും. ഹോളിയുടെ തലേദിവസത്തെ ആചരമായ 'ഹോളിക ദഹന'ത്തിന് പകരമായാണ് നിയമങ്ങളുടെ പകർപ്പുകൾ കത്തിക്കുന്നത്. നാളെയാണ് ഹോളി.

അതേസമയം കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിലെ അബോഹറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ അരുൺ നാരംഗിനെ മലൗട്ട് ടൗണിൽവച്ച് ഒരുവിഭാഗം കർഷകർ കൈയേറ്റം ചെയ്തു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി,​ കറുത്ത മഷി ഒഴിച്ചു.
സംസ്ഥാന സർക്കാരിനെതിരെ വാർത്താസമ്മേളനം നടത്താനെത്തിയതായിരുന്നു എം.എൽ.എ.
ബി.ജെ.പി ഓഫീസിന് മുന്നിൽ കാത്തിരുന്ന കർഷകർ അദ്ദേഹത്തിന് നേരെ പ്രതിഷേധമുയർത്തി. ഒപ്പമുണ്ടായിരുന്ന മറ്റു ബി.ജെ.പി നേതാക്കൾക്കും പാർട്ടി ഓഫീസിനും നേരെയും അക്രമമുണ്ടായി. പൊലീസും ബി.ജെ.പി പ്രവർത്തകരും ചേർന്ന് എം.എൽ.എയെ ഒരു കടയ്ക്കുള്ളിലേക്ക് മാറ്റി. പിന്നീട് പിൻവാതിലിലൂടെ രക്ഷപ്പെടുത്തി.

നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുറച്ചുനാളുകളായി ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും നേതാക്കളെയും കർഷകർ ബഹിഷ്കരിക്കുകയാണ്. അതേസമയം എം.എൽ.എയെ കൈയേറ്റം ചെയ്ത സംഭവത്തെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു.

ഭാരത് ബന്തിനിടെ മാദ്ധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തെയും സംഘടന തള്ളിപ്പറഞ്ഞു. സമാധാനപരമായും അച്ചടക്കത്തോടെയും സമരം നടത്തണമെന്ന് കിസാൻ മോർച്ച ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് വിജയമാക്കിയ കർഷകരെയും തൊഴിലാളികളെയും കർഷകസംഘടനകൾ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരായ പ്രചാരണം ശക്തമാക്കുമെന്നും രാജ്യവ്യാപകമായുള്ള പ്രക്ഷോഭം കൂടുതൽ തീവ്രമാക്കും.നാലുമാസം പിന്നിട്ട സമരത്തിനിടെ ഇതുവരെ 310 കർഷകരാണ് മരിച്ചു. റോഡ അപകടങ്ങളിലടക്കം നൂറിലേറെ പേർക്ക് പരിക്കേറ്റു. കർഷകരെ പൂർണമായും അവഗണിച്ച് മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും കിസാൻ മോർച്ച കുറ്റപ്പെടുത്തി.