amith-shah

ന്യൂഡൽഹി: പശ്ചിമ ബംഗാളിലും അസാമിലും ആദ്യ ഘട്ട വോട്ടെടുപ്പിൽ ബി.ജെ.പിക്കാണ് മുൻതൂക്കമെന്നും ബംഗാളിൽ 200ലേറെ സീറ്റ് നേടി പാർട്ടി അധികാരത്തിലെത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 30 ൽ 26 സീ​റ്റും ബി.ജെ.പി നേടും. അസാമിലെ 47ൽ 37ലേറെ സീ​റ്റിലും ജയിക്കും. ബൂത്ത് പ്രവർത്തകരുമായും നേതാക്കളുമായും സംസാരിച്ചപ്പോൾ ലഭിച്ച പ്രതികരണം അതാണ്. വോട്ടർമാരുടെ വൻ ഉത്സാഹമാണ് മികച്ച പോളിംഗ് ശതമാനം വ്യക്തമാക്കുന്നത്. വർഷങ്ങൾക്കു ശേഷമാണ് ബംഗാളിൽ അക്രമം കുറഞ്ഞ വോട്ടെടുപ്പ് നടക്കുന്നത്. മമതയുടെ ഭരണത്തിൽ ജനം നിരാശരാണ്. ഇടതിനെ ജനങ്ങൾ നേരത്തെ കൈവിട്ടതാണ്. ബി.ജെ.പിയുടെ വികസന വാഗ്ദാനങ്ങൾ ജനങ്ങൾ സ്വീകരിക്കും. കാര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണ്.

ബംഗാളിലെ പാർട്ടി നേതാവ് മുകുൾ റോയിയുടെ ഫോൺ സംഭാഷണം റെക്കാഡ് ചെയ്തത് ആരാണെന്ന് വ്യക്തമാക്കണമെന്ന് അമിത് ഷാ മമത സർക്കാരിനോട് ആവശ്യപ്പെട്ടു. ബംഗാൾ സ്വദേശികളെ ബൂത്ത് ഏജന്റുമാരാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമ്മർദ്ദം ചെലുത്തണമെന്ന് മുകുൾ റോയ് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

പ്രധാനമന്ത്രിയുടെ ബംഗ്ളാദേശ് സന്ദർശനം ബംഗാൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്നും അവിടെ അദ്ദേഹം രാഷ്‌ട്രീയം പറഞ്ഞിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.