
ന്യൂഡൽഹി: ഇന്ത്യയുടെയും യു.എസിന്റെയും നാവിക സേനകൾ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ സംയുക്ത സൈനികാഭ്യാസം കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ളതാണിത്. ഇന്ത്യൻ യുദ്ധക്കപ്പലായ ശിവാലിക്കും ദീർഘദൂര സമുദ്ര നിരീക്ഷണ-പട്രോൾ വിമാനമായ പി. 81ഉം യു.എസ് നാവികസേനയുടെ റൂസ്‌വെൽറ്റ് വിമാനവാഹിനി സ്‌ട്രൈക്ക് ഗ്രൂപ്പുമാണ് ഇന്നലത്തെ അഭ്യാസങ്ങളിൽ പങ്കെടുത്തത്. വിമാന വാഹിനിക്കപ്പലിനൊപ്പം മറ്റു യുദ്ധക്കകപ്പലുകളും ചെറിയ യാനങ്ങളും ചേർന്നതാണ് സ്‌ടൈക്ക് ഗ്രൂപ്പ്. യു.എസ് നാവിക സേനയുടെ വ്യോമപ്രതിരോധ നടപടികളിൽ പരിശീലനം നേടാനായി ഇന്ത്യൻ വ്യോമസേനാംഗങ്ങളും അഭ്യാസങ്ങളിൽ പങ്കെടുത്തു.