
 മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്ക്?
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. 291മരണം. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5.21 ലക്ഷമായി ഉയർന്നു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.2 കോടിയും മരണം 1.61 ലക്ഷവും കടന്നു.
മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, ഛത്തീസ്ഗഡ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. പുതിയ രോഗികളുടെ 84.5 ശതമാനവും ഈ സംസ്ഥാനങ്ങളിലായാണ്.
മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ 40,000 കടന്നതോടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നാണ് വിവരം. ശനിയാഴ്ച മുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ കർശനമാക്കി. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനെടുത്തവരുടെ എണ്ണം ആറുകോടി കടന്നു.