
ന്യൂഡൽഹി: ആധാർ നമ്പർ പോലെ രാജ്യത്ത് ഭൂസ്വത്തുക്കൾക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ നൽകാനൊരുങ്ങി കേന്ദ്രം. ഭൂരേഖ ആധുനീകരണ പദ്ധതി (ബി.ഐ.എൽ.ആർ.എം.പി) ഭാഗമായി ഭൂസ്വത്തുക്കൾക്ക് സവിശേഷ തിരിച്ചറിയിൽ നമ്പർ നടപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചതായി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. എല്ലാ ഭൂരേഖകളും റവന്യൂ കോടതി രേഖകളുമായും ആധാറുമായും ബാങ്ക് രേഖകളുമായും സംയോജിപ്പിക്കും. സവിശേഷ ഭൂസ്വത്ത് തിരിച്ചറിയിൽ നമ്പർ പദ്ധതി (യു.എൽ.പി.എൽ) പത്തുസംസ്ഥാനങ്ങളിൽ തുടങ്ങി. ഇത് 2022 മാർച്ചോടെ രാജ്യവ്യാപകമായി നടപ്പാക്കും. സവിശേഷ നമ്പർ വരുന്നതോടെ ഭൂമി തട്ടിപ്പ് അടക്കമുള്ളവ തടയാനാകുമെന്നും പൗരൻമാർക്കുള്ള സേവനം മെച്ചപ്പെടുത്താനാകുമെന്നുമാണ് അവകാശവാദം. ഭൂസ്വത്തുമായി ബന്ധപ്പെട്ട ഒരു രേഖ ആധാറുമായി ബന്ധിപ്പിക്കാൻ മൂന്നു രൂപയാണ് ചെലവ് വരിക.