
ന്യൂഡൽഹി: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രാഷ്ട്രപതിയുടെ ചുമതല മറ്റാർക്കും കൈമാറുന്ന സാഹചര്യമില്ലെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചു. രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തിൽ, അദ്ദേഹം ഒപ്പുവയ്ക്കേണ്ട ഫയലുകൾ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കും. ആശുപത്രിയിൽ നിന്ന് അദ്ദേഹം ഹോളിസന്ദേശം ജനങ്ങൾക്ക് നൽകി. ഈ ആഘോഷം ബഹുസ്വരതയുടെ മുഖ്യഘടകമായ ദേശീയതയ്ക്ക് കൂടുതൽ കരുത്ത് പകരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
26ന് രാവിലെയാണ് 75 കാരനായ രാഷ്ട്രപതിയെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശേഷം 27ന് വൈകിട്ടോടെ എയിംസിലേക്ക് മാറ്റുകയായിരുന്നു.