
 കേജ്‌രിവാളിന് തിരിച്ചടി
ന്യൂഡൽഹി: ഡൽഹിയിൽ ലെഫ്. ഗവർണർക്ക് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെക്കാൾ കൂടുതൽ അധികാരം നൽകുന്ന ബില്ല് നിയമമായി. ആശുപത്രിയിൽ ചികിത്സയിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞദിവസമാണ് ബില്ലിൽ ഒപ്പിട്ടത്.
2013ൽ അധികാരത്തിലെത്തിയത് മുതൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലെഫ്. ഗവർണറും തമ്മിൽ അധികാരത്തർക്കം നിലനിൽക്കുകയാണ്. ഇത് രൂക്ഷമാക്കുന്നതാണ് പുതിയ നിയമഭേദഗതി. ഡൽഹി സർക്കാരിന്റെ തീരുമാനങ്ങൾക്ക് ലഫ്. ഗവർണറുടെ അനുമതി വേണം, നിയമസഭയ്ക്ക് അധികാരമില്ലാത്ത വിഷയങ്ങളിൽ ലഫ്. ഗവർണർക്ക് ഇടപെടാം എന്നിങ്ങനെ വ്യവസ്ഥ ചെയ്യുന്ന ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ബില്ല് മാർച്ച് 22ന് ലോക്‌സഭയും മാർച്ച് 24ന് രാജ്യസഭയും പാസാക്കിയിരുന്നു. ആംആദ്മി ഉൾപ്പെടെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ഇത്.
ഡൽഹി മന്ത്രിസഭയുടെ തീരുമാനങ്ങൾ ലഫ്. ഗവർണറെ അറിയിക്കണമെങ്കിലും പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ലെഫ്. ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് 2018ൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രം പുതിയ നിയമ ഭേദഗതി കൊണ്ടുവന്നത്.