
ന്യൂഡൽഹി: പൊലീസും കേന്ദ്ര ഏജൻസികളും അറസ്റ്റ് ചെയ്യുന്ന വ്യക്തികളിൽ നിന്ന് പിടിച്ചെടുക്കുന്ന ഡിജിറ്റൽ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ , അവയിലെ ഉള്ളടക്കങ്ങളുടെ പരിശോധന എന്നിവ എങ്ങിനെയായിരിക്കണമെന്നത് സംബന്ധിച്ച് മാർഗരേഖ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. റിട്ട. ജെ.എൻ.യു. പ്രൊഫ. രാമ രാമസ്വാമി, പ്രൊഫ. സുജാത പാട്ടിൽ തുടങ്ങി അഞ്ച് പേരടങ്ങുന്നവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
മഹാരാഷ്ട്രയിലെ ഭീമകൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് കവി വരവരറാവു അടക്കമുള്ള 16 പേരിൽ നിന്ന് ലാപ്‌ടോപ്പ് അടക്കമുള്ളവ പിടിച്ചെടുത്ത് ഡിജിറ്റൽ തെളിവുകൾ കെട്ടിചമച്ചുണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക മാർഗനിർദേശം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നത്. ഒരായുസ് എടുത്തുള്ള ഗവേഷണ വിവരങ്ങളാണ് പലപ്പോഴും ഡിജിറ്റൽ രേഖകളായി വിദഗ്ദ്ധർ സൂക്ഷിക്കുന്നത്. പലപ്പോഴും വെറും ആരോപണത്തിന്റെ പേരിൽ പ്രഗത്ഭരെ അറസ്റ്റ് ചെയ്യുമ്പോൾ പൊലീസും മറ്റ് കേന്ദ്ര ഏജൻസികളും ഇവ കസ്റ്റഡിയിലെടുക്കുന്നു. ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്തു ഡിജിറ്റൽ രേഖകൾ കൈമോശം വരുത്തുന്നു. ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞാൽ പോലും വർഷങ്ങൾ എടുത്ത് ശേഖരിച്ച വിവരങ്ങൾ നഷ്ടമാകുന്നു.
ഡിജിറ്റൽ തെളിവുകളുടെ പരിശോധന ജുഡിഷ്യൽ മജിസ്‌ട്രേറ്റിനും കമ്പ്യൂട്ടർ വിദഗ്ദ്ധനും മുന്നിൽ വച്ച് മാത്രം നടത്തുക, മുൻകൂട്ടി നിർദ്ദേശം നൽകിയ ശേഷം മാത്രം ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ രേഖകളും കസ്റ്റിഡിയിലെടുക്കുക, ഉടമസ്ഥനോട് ഉപകരണത്തിന്റെ പാസ്‌വേഡ് അടക്കമുള്ളവ ആവശ്യപ്പെടാൻ പാടില്ല, ഡിജിറ്റൽ വിവരങ്ങളുടെ ഹാർഡ് കോപ്പി സൂക്ഷിച്ചു വയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ മാർഗരേഖയിൽ ഉൾപ്പെടുത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നു.