remesh-jerkiholi

ന്യൂഡൽഹി: കർണാടകയിലെ ബി.ജെ.പി മുൻമന്ത്രിയും എം.എൽ.എയുമായ രമേശ് ജർക്കിഹോളിയുടെ ലൈംഗിക ദൃശ്യങ്ങൾ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെ, വധഭീഷണിയുണ്ടെന്നാരോപിച്ച് സെക്സ്ടേപ്പ് കേസിൽ ഉൾപ്പെട്ട യുവതി കർണാടക ചീഫ് ജസ്റ്റിസിന് കത്തെഴുതി.

മുൻ മന്ത്രി രമേശ് ജർക്കിഹോളി തന്നെ പീഡിപ്പിച്ചെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മൂന്ന് പേജുള്ള കത്തിൽ പറയുന്നു.

'തന്നെ ലൈംഗികമായി ഉപയോഗിച്ച ജർക്കിഹോളി, കുടുംബത്തെയൊട്ടാകെ ഭീഷണിപ്പെടുത്തുകയാണ്. പരാതിപ്പെട്ടതോടെ പൊതുനിരത്തിൽ വച്ച് പോലും തന്നെ അപായപ്പെടുത്തുമെന്ന് മന്ത്രി ഭീഷണിമുഴക്കി. ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. അങ്ങനെ വന്നാൽ ആത്മഹത്യാക്കുറിപ്പിൽ ജർക്കിഹോളിയുടെ പേരെഴുതിവയ്ക്കും. അല്ലെങ്കിൽ തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളിൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നും തനിക്കും കുടുംബത്തിനും സംസ്ഥാന സർക്കാർ സംരക്ഷണമേർപ്പെടുത്തണമെന്നും' യുവതി കത്തിൽ ആവശ്യപ്പെട്ടു.

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് രമേശ് ജർക്കിഹോളി പല തവണയായി പീഡിപ്പിച്ചുവെന്നാണ്

25കാരിയുടെ പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും യുവതി പകർത്തിയിരുന്നു. കന്നഡ ടിവി ചാനലുകൾ മന്ത്രിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. സാമൂഹ്യ പ്രവർത്തകനായ ദിനേഷ് കലഹള്ളി ബംഗളൂരു പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുബ്ബൺ പാർക്ക് പൊലീസ് ജാർക്കിഹോളിയ്ക്കെതിരെ കേസെടുത്തു. ഇതോടെ രമേശിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ധാർമികതയെ മുൻനിറുത്തിയാണ് മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതെന്നും ജർക്കിഹോളി പറഞ്ഞിരുന്നു. നിരപരാധിത്വം തെളിയിച്ച് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു.

60 വയസുകാരനായ രമേശ് ജർക്കിഹോളിയുടേത് സംസ്ഥാനത്തെ ഏറ്റവും പ്രബലമായ രാഷ്ട്രീയ കുടുംബമാണ്. കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയ രമേശ് ബെലഗാവി ജില്ലയിൽ നിന്നുള്ള എം.എൽ.എയാണ്. ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനം ഭരിച്ചിരുന്ന എച്ച്.ഡി. കുമാരസാമി സർക്കാരിനെ വീഴ്ത്തി ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതിന് ചുക്കാൻ പിടിച്ചത് രമേശ് ജർക്കിഹോളിയായിരുന്നു.