
പത്തുജില്ലകളിൽ സ്ഥിതി രൂക്ഷം
മരണവും കൂടുന്നു
ന്യൂഡൽഹി: കടുത്ത ആശങ്കയുയർത്തി രാജ്യത്തെ കൊവിഡ് സ്ഥിതി അതീവ ഗുരുതരമാവുകയാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൊവിഡ് സ്ഥിതി മോശം എന്നതിൽ നിന്ന് വഷളാകുന്നു എന്ന നിലയിലെത്തിയതായി കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി പകുതി മുതൽ പ്രതിദിന കൊവിഡ് കേസുകളുയരുന്നുണ്ട്. മരണം 73ൽ നിന്ന് 271ലേക്ക്
ഉയർന്നു. മരണനിരക്കിലെ വർദ്ധനയും ആശങ്കാജനകമാണ്. പ്രതിരോധം തകർത്ത് കൊവിഡ് വൈറസ് മുന്നേറാമെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോളും മുന്നറിയിപ്പ് നൽകി.
ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മുൻതൂക്കം നൽകി പരിശോധന ഉയർത്തുക, സമ്പർക്കത്തിൽവന്നവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുക തുടങ്ങിയവ നിർദ്ദേശിച്ച് സംസ്ഥാനങ്ങൾക്ക് രാജേഷ് ഭൂഷൺ കത്തയച്ചു.
ആർ.ടി.പി.സി.ആർ ടെസ്റ്റിന് പ്രാധാന്യം നൽകണം. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ സ്‌ക്രീനിംഗ് എന്ന നിലയിലാണ് ആന്റിജൻ പരിശോധന. ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തണം. കൂടുതൽ കേസുകളുടെ ജില്ലകളിൽ മുൻഗണനാ വിഭാഗങ്ങൾക്ക് വാക്‌സിനേഷൻ കൂട്ടണം. വാക്‌സിനേഷന് സ്വകാര്യ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
കൊവിഡ് വകഭേദമല്ല പുതിയ കൊവിഡ് കുതിപ്പിന് കാരണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. യു.കെ വകഭേദം 807പേർക്കും ദക്ഷിണാഫ്രിക്കൻ 47 പേർക്കും ബ്രസീൽ വകഭേദം ഒരാൾക്കുമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
പഞ്ചാബിന് വിമർശനം
പഞ്ചാബിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രആരോഗ്യമന്ത്രാലയം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്ത് മതിയായ പരിശോധന നടത്തുന്നില്ല. കൊവിഡ് പോസിറ്റീവായവരെ ശരിയായ നിലയിൽ ഐസൊലേറ്റ് ചെയ്യുന്നില്ലെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വിമർശിച്ചു. കർണാടകയും പരിശോധനയും ഐസൊലേഷനും മെച്ചപ്പെടുത്തണം. ദേശീയ തലസ്ഥാനമായ ഡൽഹിയിലും സ്ഥിതി ഗുരുതരമാവുകയാണ്.
ആറ് സംസ്ഥാനങ്ങളിൽ ഉയരുന്നു
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 56,211 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. പഞ്ചാബ് ആണ് രണ്ടാമത്.
രാജ്യത്ത ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,40,720 ആയി. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 37,028 പേർ രോഗ മുക്തരായി. 271 പേർ മരിച്ചു.