
ന്യൂഡൽഹി: കിഴക്കൻ ലഡാക് അതിർത്തിയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയിട്ടില്ലെന്നും സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കരസേനാ മേധാവി ജനറൽ എം. എം. നരാവനെ പറഞ്ഞു. ചൈന-പാക് മേഖലകളിൽ നിന്നുള്ള ഭീഷണി കാരണം ഇന്ത്യ എല്ലായ്‌പ്പോഴും ജാഗ്രതയിലാണ്. പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ ധാരണയ്‌ക്കു ശേഷം മാർച്ചിൽ അതിർത്തിയിൽ സമാധാനം നിലനിന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതിർത്തിയിൽ ചൈനയ്‌ക്ക് ഇന്ത്യയുടെ മണ്ണ് അടിയറവ് വച്ചിട്ടില്ല. സംഘർഷം കുറയ്‌ക്കാൻ സൈനിക-നയതന്ത്ര തലത്തിലെ ചർച്ചകളും കിഴക്കൻ ലഡാക് അതിർത്തിയിൽ സേനകളെ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തു നിന്ന് പിൻവലിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
ഫെബ്രുവരിയിൽ നടന്ന ഇന്ത്യാ-പാക് മിലിട്ടറി ഓപ്പറേഷൻ ഡയറക്‌ടർ ജനറൽ തല ചർച്ചയ്‌ക്കു ശേഷം അതിർത്തിയിൽ സമാധാനം നിലനിൽക്കുന്നുണ്ട്. മാർച്ചിൽ അനിഷ്‌ട സംഭവങ്ങളുണ്ടായിട്ടില്ല. അതേസമയം ഭീകരരുടെ ഭീഷണിക്ക് കുറവില്ല. മഞ്ഞുരുകുമ്പോൾ നുഴഞ്ഞു കയറാനായി ഭീകരർ ശ്രമം തുടരുകയാണെന്നും കരസേനാ മേധാവി അറിയിച്ചു.