ishrat-jahan

എല്ലാ പ്രതികളും കുറ്റവിമുക്തർ

ന്യൂഡൽഹി: അഹമ്മദാബാദിൽ 2004ൽ നടന്ന ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂടി അഹമ്മദാബാദ് പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടു. ഐ.പി.എസുകാരനായ ജി.എൽ. സിംഘാൾ, റിട്ട. ഓഫീസർ തരുൺ ബറോത്, മറ്റൊരു ഉദ്യോഗസ്ഥനായ അനജു ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട ഏഴ് ഉദ്യോഗസ്ഥരും കുറ്റവിമുക്തരായി. മുൻ ഐ.ജി. ഡി.ജി.വൻസാര, പി.പി.പാണ്ഡെ, എൻ.കെ.അമിൻ എന്നീ പൊലീസുകാരെയാണ് നേരത്തെ വെറുതെ വിട്ടത്. ജെ.ജി. പർമർ എന്ന ഉദ്യോഗസ്ഥൻ മരിച്ചതോടെ അദ്ദേഹത്തെയും കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ സി.ബി.ഐ എതിർത്തില്ല.

'കൃത്യ നിർവഹണത്തിനിടെയാണ് പ്രതികളെന്ന് ആരോപിക്കുന്ന പൊലീസുകാർ ഇസ്രത്ത് അടക്കം നാല് പേരെ വെടിവച്ചത്. മരിച്ചവരിൽ പാകിസ്ഥാനികളായ രണ്ട് പേർ അനധികൃതമായാണ് രാജ്യത്ത് എത്തിയതെന്ന് കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും അന്വേഷണ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രത്ത് അടക്കമുള്ളവർക്ക് ഭീകരബന്ധമുണ്ടെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ഒരു തെളിവും പ്രഥമദൃഷ്ടിയിൽ കണ്ടെത്താനായില്ല. മുതിർന്ന പൊലീസ് തങ്ങളുടെ ജോലിയാണ് ചെയ്തതെന്നും" പ്രത്യേക സി.ബി.ഐ ജഡ്ജ് വിപുൽ ആർ. രാവൽ വ്യക്തമാക്കി. കേസിലെ പ്രതികളെ മുഴുവൻ വെറുതെവിട്ട സാഹചര്യത്തിൽ ഇനി സി.ബി.ഐ അപ്പീൽ നൽകിയാൽ മാത്രമേ കേസ് മുന്നോട്ടുപോകൂ.

കേസ് ഇങ്ങനെ

2004 ജൂൺ 15നാണ് മലയാളിയും മുംബയിൽ വ്യവസായിയുമായിരുന്ന പ്രാണേഷ് പിള്ള എന്ന ജാവേദ് ശൈഖ്, കോളേജ് വിദ്യാർത്ഥിനിയായ ഇസ്രത് ജഹാൻ (19), പാക് പൗരന്മാരെന്ന് ആരോപിക്കുന്ന അംജദ് അലി റാണ, സീഷൻ ജോഹർ എന്നിവരെ അഹമ്മദാബാദിന് സമീപം കോതാർപൂരിൽ വച്ച് പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.

ഇവർ ലഷ്‌കറെ തോയിബ ഭീകരരാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഗുജറാത്ത് പൊലീസിലെ ഒരു വിഭാഗം സർക്കാരിന്റെ പിന്തുണയോടെ നടത്തിയ ക്രൂരമായ കൊലപാതമെന്ന് തെളിഞ്ഞു. ഇതോടെയാണ് ഏഴ് പൊലീസുകാർക്കെതിരെ കേസെടുത്തത്. തന്റെ മകനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ജാവേദ് ഷെയ്ഖിന്റെ അച്ഛൻ ഗോപിനാഥ പിള്ള വർഷങ്ങൾ നീണ്ട നിയമ പോരാട്ടം നടത്തി. പിന്നീട് ദുരൂഹമായ റോഡപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.