
ന്യൂഡൽഹി: ബി.ജെ.പി രാജ്യത്ത് ജനാധിപത്യ ധ്വംസനം നടത്തുകയാണെന്നും അതിനെതിരെ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്ന ബദലാകാൻ ഒന്നിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി കത്തയച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഒന്നിച്ചിരുന്ന് ബി.ജെ.പിയെ ചെറുക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകണമെന്നും നേതാക്കൾക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
പ്രതിപക്ഷ കക്ഷികളുടെ ഭരണഘടനാ അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് ഉദാഹരണമാണ് ഡൽഹി ലെഫ്റ്റ. ഗവർണർക്ക് സർവ അധികാരങ്ങളും നൽകുന്ന ബില്ലെന്ന് കത്തിലുണ്ട്. ഡൽഹിയിലേത് ഒറ്റപ്പെട്ട സംഭവമല്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കെതിരെ എല്ലായിടത്തും അതാണ് അവരുടെ രീതി. സംസ്ഥാന സർക്കാരുകളുടെ അധികാരമില്ലാതാക്കി പ്രതിപക്ഷ കക്ഷികളെ മുനിസിപ്പാലിറ്റികളിൽ ഒതുക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ ഏക പാർട്ടി കേന്ദ്രീകൃത ഭരണം കൊണ്ടുവരാനും ബി.ജെ.പി ആഗ്രഹിക്കുന്നു.
ഗവർണർമാരുടെ ഓഫീസുകൾ, സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ആസൂത്രണ കമ്മിഷനെയും മറ്റും നിയന്ത്രിച്ച് സംസ്ഥാന ഫണ്ടുകൾ തടയൽ, പണമെറിഞ്ഞ് ബി.ജെ.പി ഇതര സർക്കാരുകളെ തകിടം മറിക്കൽ, രാജ്യത്തിന്റെ സ്വത്തുക്കൾ സ്വകാര്യവത്‌കരിക്കൽ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കൽ തുടങ്ങിയവയും ബി.ജെ.പിക്കെതിരെ മമത ആരോപിക്കുന്ന വിഷയങ്ങളാണ്.
സോണിയയ്‌ക്കു പുറമെ എൻ.സി.പി നേതാവ് ശരത് പവാർ, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, വൈ.എസ്.ആർ കോൺഗ്രസ് മേധാവി ജഗൻ മോഹൻ റെഡ്ഡി, ബി.ജെ.ഡി നേതാവ് നവീൻ പട്നായിക്, ടി.ആർ.എസ് അദ്ധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവു, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ, സി.പി.ഐ(എം.എൽ) നേതാവ് ദീപാങ്കർ ഭട്ടചാര്യ എന്നിവർക്കും കത്തയച്ച മമത, തൃണമൂലിന്റെ പാരമ്പര്യ വൈരികളായ സി.പി.എമ്മിനെയും സി.പി.എെയെയും ഒഴിവാക്കി.