
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ സമരം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കർഷകർ അടുത്തമാസം പാർലമെന്റിലേക്ക് പദയാത്ര നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു.
മേയ് ആദ്യവാരമായിരിക്കും മാർച്ച്. തീയതി പിന്നീട് പ്രഖ്യാപിക്കും. കർഷകരെ കൂടാതെ, തൊഴിലാളികൾ, സ്ത്രീകൾ, ദളിത്, ആദിവാസി വിഭാഗങ്ങൾ, തൊഴിൽരഹിതരായ യുവാക്കൾ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗത്തിൽ നിന്നുള്ളവരും മാർച്ചിൽ പങ്കാളികളാവും.
ഡൽഹി അതിർത്തിയിലെ പ്രധാന സമരകേന്ദ്രങ്ങളായ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്യുന്ന കർഷകർ കാൽനടയായി പാർലമെന്റിന് മുന്നിലേക്ക് നീങ്ങും. സമാധാനപരമായിരിക്കും മാർച്ച്. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. സമരക്കാരെ നിയന്ത്രിക്കാനായി പ്രത്യേക സമിതിയും രൂപീകരിക്കും. കുണ്ട്ലി മനേസർ പൽവൽ എക്‌സ്‌പ്രസ് വേ ഏപ്രിൽ 10 മുതൽ 24 മണിക്കൂർ ഉപരോധിക്കും.
ബഡ്ജറ്റ് അവതരിപ്പിച്ച ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് മാർച്ച് നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ മാർച്ചിനിടെ ചെങ്കോട്ടയിലടക്കമുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താത്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു.
ഉറങ്ങുന്ന സർക്കാരിനെ ഉണർത്താനാണ് സമരം ശക്തമാക്കുന്നതെന്ന് കർഷക നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സമരത്തിനിടെ മരിച്ച കർഷകർക്ക് അതിർത്തികളിലെ സമരകേന്ദ്രങ്ങളിൽ സ്മാരകമൊരുക്കും. മേയ് ആറിന് പ്രത്യേക പരിപാടി സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച് മണ്ണുപയോഗിച്ചായിരിക്കും സ്മാരകം.