
ന്യൂഡൽഹി: തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പ് മറികടന്ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നാലു തൊഴിൽ കോഡുകളും നടപ്പാക്കുന്നത് നീട്ടിവച്ചു. സംസ്ഥാനങ്ങളിൽ ചട്ടങ്ങൾ രൂപീകരിക്കാൻ വൈകിയതിനാലാണ് തൊഴിൽ പരിഷ്കരണം ലക്ഷ്യമിട്ടുള്ള ഈ നാലു നിയമങ്ങളും നടപ്പാക്കുന്നത് കേന്ദ്രം നീട്ടിവച്ചത്.
ഇൻഡസ്ട്രിയൽ റിലേഷൻസ്, വേതനം, സാമൂഹ്യസുരക്ഷ, തൊഴിലിടത്തെ ആരോഗ്യസുരക്ഷയും ജോലി സാഹചര്യങ്ങളും എന്നിവയുമായി ബന്ധപ്പെട്ടുള്ള നാല് നിയമങ്ങൾ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാനായിരുന്നു കേന്ദ്രതൊഴിൽ മന്ത്രാലയം തീരുമാനിച്ചിരുന്നത്.
എന്നാൽ മിക്ക സംസ്ഥാനങ്ങളിലും ചട്ടങ്ങൾ രൂപീകരിക്കുന്നത് വൈകി. ബി.ജെ.പി അധികാരത്തിലുള്ള യു.പി, ബീഹാർ, മദ്ധ്യപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ മാത്രമേ കരട് ചട്ടങ്ങളുണ്ടാക്കിയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ.
ഭരണഘടന പ്രകാരം തൊഴിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ഈ നിയമങ്ങൾ പ്രാബല്യത്തിലാകാൻ കേന്ദ്രവും സംസ്ഥാനങ്ങളും ചട്ടങ്ങൾ രൂപീകരിക്കണ്ടതുണ്ട്.
തൊഴിലാളികളെ പിരിച്ചുവിടുന്നതിലടക്കം മുതലാളിമാർക്ക് കൂടുതൽ അധികാരം നൽകുന്നതും തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ അവകാശങ്ങളടക്കം ഹനിക്കുന്നതുമാണ് ഈ നിയമങ്ങളെന്നാണ് തൊഴിലാളി സംഘടനകളുടെ ആക്ഷേപം. ഇന്ന് രാജ്യവ്യാപകമായി തൊഴിൽ നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിക്കാൻ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.