
ന്യൂഡൽഹി: രാജ്യത്തെ വിവിധ മിലിട്ടറി സൈനിക പാൽ എത്തിക്കുന്നതിനായി 132 വർഷം മുൻപ് തുടങ്ങിയ ക്ഷീര ഫാമുകൾ അടച്ചുപൂട്ടി.
രാജ്യത്ത് പാൽ സുലഭമായതിനാൽ ക്യാമ്പുകളിൽ പാലും പാൽ ഉത്പന്നങ്ങളും നിർലോഭം ലഭിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും ഫാമിനായി പ്രതിവർഷം 200 കോടിയോളം രൂപ അധിക ചെലവ് വരുന്നതിനാലുമാണ് സേനയുടെ തീരുമാനം.
അമ്പാല, കൊൽക്കത്ത, ശ്രീനഗർ, ആഗ്ര, പത്താൻകോട്ട്, ലക്‌നൗ, മീററ്റ്, അഹമ്മദാബാദ്, ഗുവാഹട്ടി തുടങ്ങി രാജ്യത്തെ 39 നഗരങ്ങളിൽ ഏകദേശം 20,000 ഏക്കറിലുണ്ടായിരുന്ന ഫാമുകൾക്കാണ് പൂട്ടുവീണത്.
ബ്രിട്ടീഷുകാരുടെ കാലത്ത് പ്രാന്തപ്രദേശങ്ങളിൽ സ്ഥതിചെയ്തിരുന്ന പട്ടാള ക്യാമ്പുകളിലെ സൈനികർക്ക് ശുദ്ധമായ പാൽ നൽകുന്നതിനായാണ് ഫാമുകൾ തുടങ്ങിയത്. ആദ്യ ഫാം 1889 ൽ അഹമ്മദാബാദിലാണ് പ്രവർത്തനം ആരംഭിച്ചത്.
1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 130 ആയിരുന്നു ഫാമുകളുടെ എണ്ണം. 1970തോടെ വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ധവളവിപ്ലവം എത്തിയതോടെ രാജ്യത്ത് പാൽ എല്ലായിടത്തും സുലഭമായി. സേനയിലെ അധികചെലവ് നിയന്ത്രിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നിയമിച്ച ലഫ്. ജനറൽ (റിട്ട,.) ഡി.ബി. ഷേഖത്കർ കമ്മിറ്റിയാണ് ഫാമുകൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ചത്.
പാൽ സുലഭമായി ലഭിക്കുമ്പോൾ വർഷം 200 കോടി അധികചെലവിൽ ഫാം നടത്തേണ്ടതില്ലെന്ന കമ്മിറ്റി നിർദ്ദേശം മന്ത്രാലയം അംഗീകരിച്ചു. ഫാമിനായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ മറ്റ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് സേനയുടെ തീരുമാനം.
പശുക്കളെ വിറ്റു
നിലവിലുള്ള 39 ഫാമുകളിലായി ഉണ്ടായിരുന്ന 25,000 പശുക്കളെ തുച്ഛമായ വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയായിരുന്നു. അൻപതിനായിരത്തിലധികം വിലവരുന്ന മുന്തിയ ഇനം സങ്കര വിഭാഗത്തിൽപ്പെട്ട പശുക്കളെ വെറും 1,000 രൂപയ്ക്കാണ് വിറ്റത്.