
ന്യൂഡൽഹി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി 2008ലെ ബാംഗ്ലൂർ സ്ഫോടനക്കേസിലെ പ്രതിയും പി.ഡി.പി. നേതാവുമായ അബ്ദുൾ നാസർ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു.
2014 ജൂലായിൽ കേരളം സന്ദർശിക്കാൻ അനുവദിച്ച ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടുന്നത്. കൊവിഡും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് വിചാരണ തുടങ്ങും വരെ കേരളത്തിൽ പോയി വരാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.പ്രോസിക്യൂഷൻ അനാവശ്യമായി വിചാരണ നടപടികൾ വൈകിപ്പിക്കുകയാണ്. ഒച്ചിഴയുന്ന വേഗത്തിലുള്ള വിചാരണ ആറ് വർഷമായിട്ടും അവസാനിക്കുന്നില്ല. അനിശ്ചിതമായി നീളുന്ന വിചാരണ നടപടികളിൽ തന്റെ ചികിത്സ പോലും നിഷേധിക്കപ്പെടുന്നുവെന്നും മഅ്ദനി ആരോപിക്കുന്നു.
അറസ്റ്റിലായ ശേഷമുള്ള 11 വർഷത്തിൽ 4 വർഷം മഅദ്നി ജൂഡിഷ്യൽ കസ്റ്റിഡിയിലായിരുന്നു. ഹൃദ്രോഗം, പ്രമേഹം, കാഴ്ച സംബന്ധമായ രോഗങ്ങൾ എന്നിവയെ തുടർന്ന് 2014ൽ സുപ്രീംകോടതി ബംഗളൂരുവിൽ ജാമ്യത്തിൽ തുടരാൻ മഅ്ദനിക്ക് അനുമതി നൽകി. എന്നാൽ ബംഗളൂരു വിടാൻ പാടില്ലെന്നതാണ് വ്യവസ്ഥ. മകന്റെ വിവാഹം അടക്കമുള്ള പ്രത്യേക കാരണങ്ങളിൽ മൂന്ന് തവണ കേരളം സന്ദർശിക്കാനും അനുമതി നൽകി. കോയമ്പത്തൂർ കേസിൽ 2007ൽ കുറ്റവിമുക്തനാക്കി വിട്ടയച്ചെങ്കിലും 2010ൽ ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധമാരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ഒമ്പത് വർഷമാണ് മഅ്ദനി വിചാരണത്തടവുകാരനായി ജയിലിൽ കിടന്നത്.