superbike

കൊച്ചി: സൂപ്പർബൈക്കുകൾ പുതുതലമുറയുടെ ഹരമാകുമ്പോൾ നിരത്തുകളിൽ ജീവൻ പൊലിയുന്നതും സ്ഥിരംസംഭവമാകുന്നു. എളംകുളത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരണപ്പെട്ട യുവാക്കൾ ഓടിച്ചിരുന്നതും സൂപ്പർ ബെെക്കായിരുന്നു. ആരെയും ആകർഷിക്കുന്ന രൂപഭംഗിയും സെക്കൻഡുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത്തിലെത്താനുള്ള ഇത്തരം ബെെക്കുകളുടെ ശേഷിയിലുമാണ് അപകടം പതുങ്ങിയിരിക്കുന്നത്. വാഹന പരിശോധന ശക്തമാക്കുമ്പോഴും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വാഹനം ഓടിക്കുന്നവർ തന്നെ ശ്രദ്ധിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.

സൂപ്പർ ബെെക്കുകളെല്ലാം 200 സി.സിക്ക് മുകളിലുള്ളതാണ്. സാധാരണ ബെെക്കുകൾ ഓടിച്ച് ശീലിച്ചവർക്ക് ഇവ പെട്ടെന്ന് വഴങ്ങിയെന്ന് വരില്ല. അപകടങ്ങൾ വർദ്ധിക്കുമ്പോഴും ഇവയുടെ ആവശ്യക്കാർക്ക് കുറവൊന്നുമില്ല. 18 മുതൽ 30 വയസ് വരെയുള്ള യുവാക്കൾക്കിടയിലാണ് സൂപ്പർ ബെെക്കുകൾ ട്രെൻഡാകുന്നത്. എന്നാൽ എങ്ങനെയാണ് ഇത്തരം ബെെക്കുകൾ ഓടിക്കേണ്ടത് എന്നറിയാതെയാണ് പലരും ഇതുമായി റോഡിലിറങ്ങുന്നത്. ഇതിന്റെ വേഗനിയന്ത്രണങ്ങളെ കുറിച്ചുള്ള അറിവും മിക്കവർക്കും പരിമിതമാണ്. പിന്നിലിരിക്കുന്ന ആൾ ഒട്ടും സുരക്ഷിതമല്ല എന്നതാണ് മറ്റൊരു പോരായ്മ. പിടിച്ചിരിക്കാൻ പ്രത്യേകം സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ബാലൻസ് തെറ്റിയാൽ പിൻസീറ്റ് യാത്രികൻ തെറിച്ച് വീഴും. റോഡിലൂടെ പാഞ്ഞു പോകുന്ന ഇവ ഓടിക്കുന്നവർക്ക് മാത്രമല്ല കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.

 വേഗനിയന്ത്രണത്തെ കുറിച്ച് അറിവില്ല

 പിൻസീറ്റിലെ യാത്ര കൂടുതൽ അപകടകരം

 പിടിച്ചിരിക്കാൻ പ്രത്യേകം സംവിധാനമില്ല

 മിക്കവർക്കും ശരിയായി ഓടിക്കാൻ അറിയില്ല

 ബോധവത്കരണം വേണം

സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് ഇത്തരം വാഹനങ്ങൾക്ക് വേഗതയും ഭാരവും കൂടുതലായതിനാൽ ഓടിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകണമെന്നാണ് മറ്റു യാത്രക്കാരുടെ ആവശ്യം. അമിതവേഗതയിൽ പോകുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം അവർക്ക് ബോധവത്കരണ ക്ലാസ് കൂടി നൽകുകയാണെങ്കിൽ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് രക്ഷിതാക്കളുടെയും അഭിപ്രായം.

.........................

"അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം. ഒരു പരിധിയിൽ കൂടുതൽ അധികൃതർക്ക് ഒന്നും ചൊയ്യാനാവില്ല. അശ്രദ്ധ മൂലം അപകടമുണ്ടാകുമ്പോൾ മോട്ടോർ വാഹന വകുപ്പും നിസഹായരാവുകയാണ്."

മോട്ടോർ വാഹന വകുപ്പ് അധികൃതർ