ഏലൂർ: സ്കൂട്ടറാണോ അല്ല ! സൈക്കിളാണോ അല്ല ! പിന്നെന്താണ്? നേരെ മുന്നിൽ നിന്നു നോക്കിയാൽ ചേതക് സ്കൂട്ടർ , പിന്നിൽ നിന്നു കാണുമ്പോൾ ഹെർക്കുലിസ് സൈക്കിൾ. ഏലൂർ വടക്കുംഭാഗത്ത് കണപ്പിള്ളി പറമ്പിൽ എൻജിനിയറിംഗ് വർക്ക്ഷോപ്പ് നടത്തുന്ന മുഹമ്മദാലിയാണ് സംഗതിയുടെ നിർമ്മാതാവ് . പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൻ മുഹമ്മദ് ഷിഫാസ് ഫേസ്ബുക്കിൽ ഒരു പയ്യൻ ഓടിച്ചു നടക്കുന്നതു കണ്ട് അതുപോലൊരെണ്ണം ആവശ്യപ്പെട്ടപ്പോഴാണ് മുഹമ്മദാലി തയ്യാറാക്കി കൊടുത്തത്.
7000 രൂപയോളമാണ് ചെലവായത്. ലൈറ്റ്, ഇൻഡിക്കേറ്റർ , മുൻചക്രം , പാർക്കിംഗ് ലൈറ്റ്, മീറ്റർ , ഹോൺ ,തുടങ്ങിയവയെല്ലാം സ്കൂട്ടറിന്റേതായ രീതിയിൽ തന്നെ പ്രവർത്തിക്കും. രണ്ടു പേർക്ക് യാത്ര ചെയ്യാം. പെഡൽ ചവിട്ടുമ്പോൾ സൈക്കിളിനേക്കാൾ നിഷ്പ്രയാസം ഓടിക്കാം. കാണാനും ,ഓടിച്ചു നോക്കാനും , ഓർഡർ തന്നാൽ ഉണ്ടാക്കി തരുമോ എന്നറിയാനും ധാരാളം ആളുകളാണ് ദിനംപ്രതി മുഹമ്മദാലിയെ അന്വേഷിച്ച് വരുന്നത്.