ila
വില്പനയ്ക്ക് ഒരുക്കുന്ന വാഴയില

കോലഞ്ചേരി: പ്ലാസ്​റ്റിക് നിരോധനം വീണ്ടും ത്രിതല പഞ്ചായത്തുകൾ കർശനമാക്കാൻ ഒരുങ്ങുമ്പോൾ വാഴയിലയ്ക്ക് ഡിമാന്റ് കൂടുന്നു. പ്ലാസ്​റ്റിക് നിരോധനത്തിന് അയവു വന്നതോടെ ഹോട്ടലുകളിൽ നിന്നും അപ്രത്യക്ഷമായ വാഴയില വീണ്ടും സൽക്കാരച്ചടങ്ങുകളിലും എത്തിത്തുടങ്ങി. വാഴയുടെ ഇലയേക്കാൾ കുറഞ്ഞ വിലയിൽ പ്ലാസ്​റ്റിക് ഇല ലഭിക്കുമെന്നു വന്നതോടെ ചെറുകിട ഹോട്ടലുകാർ പ്ലാസ്​റ്റിക് ഇലയിലേക്കു മാറിയിരുന്നു. ചെറിയ വിവാഹ സൽക്കാരങ്ങളിലും പ്ലാസ്​റ്റിക് ഇലയെത്തി. ഇതോടെ വാഴയില വെട്ടിക്കൊടുത്ത് ഉപജീവനം നടത്തിയിരുന്ന പലരും ഈ രംഗത്തു നിന്നും പിന്മാറി. ചുരുക്കം ചിലർ മാത്രമാണ് ഈ രംഗത്ത് പിടിച്ചു നിന്നത്. ഇപ്പോൾ ആവശ്യക്കാർ കൂടുതലായി എത്തുന്നതായി ഈ രംഗത്ത് 35 വർഷമായി ജോലി ചെയ്യുന്ന കുമ്മനോട് ചേലയ്ക്കൽ തേവൻ വീണ്ടും വാഴയില വെട്ടലിൽ സജീവമായി. രാവിലെ 6 മണിയോടെ ഇവർ ഇല വെട്ടുന്നജോലി ആരംഭിക്കും. 11 മണിയോടെ അവസാനിപ്പിക്കും. പിന്നീട് ഇല മടക്കി കെട്ടുകളാക്കി കടകളിലും വിവാഹ ആവശ്യത്തിനും എത്തിക്കും.നേരത്തെ ഇതര സംസ്ഥാനങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ജോലിക്കാരെ വച്ചും ഇല വെട്ടിയിരുന്നു. തികയാതെ വന്നപ്പോൾ തമിഴ്‌നാട്ടിൽ നിന്നു വരെ തൂശനില എത്തിച്ചു. പ്ലാസ്​റ്റിക് ഇല വന്നതോടെ വിവാഹങ്ങളിൽ മാത്രമായി വാഴയില ഉപയോഗം ചുരുങ്ങി. ഇതോടെ തൊഴിലും നിലച്ചു. ഇപ്പോൾ വീണ്ടും ആവശ്യക്കാർ എത്തി തുടങ്ങിയതോടെ ജോലിക്ക് പുത്തൻ ഉണർവായി . പ്രളയകാലത്ത് എല്ലാ വാഴകളും പൂർണമായും നശിച്ചിരുന്നു. ഇപ്പോൾ വാഴ വീണ്ടും വ്യാപകമായി. ഓണം പിറന്നാലും ഉണ്ണി പിറന്നാലും മലയാളിക്ക് വാഴയിലയിൽ തന്നെ വേണം സദ്യ. അതിപ്പോൾ ഇല തമിഴ് നാട്ടിൽ നിന്നു വന്നാലും മലയാളി അതങ്ങ് സഹിക്കും. പേപ്പർ വാഴയിലയൊക്കെ ഇറങ്ങിയെങ്കിലും സദ്യ ഗംഭീരമാകണോ നല്ല ഇലയിൽ തന്നെ വിളമ്പണം.

വലിയ ഇലയ്ക്ക് 4 രൂപ

തൂശനിലയ്ക്ക് 3 രൂപ